ന്യൂഡൽഹി: ചരക്കുസേവനനികുതി (ജിഎസ്ടി) വരുന്പോൾ ധനകാര്യ സേവനങ്ങൾക്കെല്ലാം നികുതിഭാരം വർധിക്കും. ഇതുവരെ 15 ശതമാനം സേവനനികുതി ഉണ്ടായിരുന്നത് ഇനി 18 ശതമാനം ജിഎസ്ടി ആകും.ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജുകൾക്കെല്ലാം 18 ശതമാനം ജിഎസ്ടി വേണ്ടിവരും. അക്കൗണ്ടിൽ പണമില്ലാത്തതിന് ഈടാക്കുന്ന പിഴയ്ക്കും ഈ നികുതി നൽകണം. എടിഎം ഇടപാടുകൾക്കു ചാർജ് വരുന്പോൾ അതിനുമുണ്ടാകും ജിഎസ്ടി.
ഇൻഷ്വറൻസ് പോളിസികളുടെ പ്രീമിയത്തിനും ജിഎസ്ടി ഉണ്ട്. ലൈഫ് ഇൻഷ്വറൻസ് പോളിസിയിൽ റിസ്ക് ഭാഗത്തിനു മാത്രമാണ് സർവീസ് ടാക്സ് ഈടാക്കിയിരുന്നത്. അതുതന്നെ ജിഎസ്ടിയിലും വരും. പരന്പരാഗത ലൈഫ് പോളിസികൾക്കു പ്രഥമവർഷം 3.75 ശതമാനം സേവനനികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 4.5 ശതമാനം നൽകണം. തുടർന്ന് ഈ വർഷങ്ങളിൽ 1.875 ശതമാനം നൽകിയിരുന്നത് 2.25 ശതമാനമായി ഉയരും.
ഇൻഷ്വറൻസ് പ്രീമിയം സേവനനികുതിയടക്കം 20,000 രൂപ ആയിരുന്നെങ്കിൽ ഇനി 20,600 രൂപയാകും. എന്നാൽ കേന്ദ്രസർക്കാർ സ്പോൺസർ ചെയ്തിട്ടുള്ള വിവിധ ഇൻഷ്വറൻസ് പദ്ധതികൾക്ക് ജിഎസ്ടി ഇല്ല. ജനറൽ ഇൻഷ്വറൻസ് പ്രീമിയത്തിലും സമാന വർധനയുണ്ട്.മ്യൂച്വൽ ഫണ്ടുകൾ, പോർട്ട് ഫോളിയോ മാനേജ്മെന്റ് സർവീസുകൾ തുടങ്ങി മൂലധന വിപണിയുമായി ബന്ധപ്പെട്ട സർവീസ് ചാർജുകൾക്ക് ഇനി 12 ശതമാനം ജിഎസ്ടി നൽകിയാൽ മതി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇപ്പോൾ വിലയുടെ 30 ശതമാനത്തിനായിരുന്നു സേവനനികുതി. അതായത് വിലയുടെ നാലരശതമാനം (30 ശതമാനത്തിന്റെ 15 ശതമാനം) നികുതി വേണമായിരുന്നു. ഇനിയും ഈ ക്രമീകരണമാണോ ഉണ്ടാവുക എന്നു ചട്ടങ്ങൾ വന്നാലേ അറിയൂ. എങ്കിലും കാര്യവിവരമുള്ള നികുതിവിദഗ്ധർ പറയുന്നത് കെട്ടിടങ്ങൾക്കും ഫ്ളാറ്റുകൾക്കും വില കുറയുമെന്നാണ്.
നിർമാണസാമഗ്രികൾക്ക് 18 ശതമാനവും 28 ശതമാനവും നികുതിയുണ്ട്. നിർമാണ കോൺക്രീറ്റിനും 18 ശതമാനം നികുതിയുണ്ട്. സാമഗ്രികളുടെ നികുതിനിർമാണ കരാറിന്റെ നികുതിയിൽ തട്ടിക്കിഴിക്കാം. പിന്നീടു വില്പനവിലയിൽ വരുന്ന നികുതി പ്രായോഗികമായി മുൻപ് 15 ശതമാനം നൽകിയിരുന്ന സ്ഥാനത്ത് 12 ശതമാനമായി കുറയും. ഇത് കെട്ടിടം വാങ്ങുന്നവർക്ക് ആശ്വാസമാകും.