വിപണി വിശേഷം /കെ.ബി. ഉദയഭാനു
ചിങ്ങം അടുത്തതോടെ നാളികേര കർഷകർ വൻ ആവേശത്തിൽ, ഓണവേളയിൽ കൊപ്രയ്ക്ക് ഉയർന്ന വില പ്രതീക്ഷിക്കാം. ലാറ്റക്സിന്റെ ലഭ്യത ഉയർന്നു, ഓണാവശ്യങ്ങൾ മുൻനിർത്തി കർഷകർ ഷീറ്റ് വിൽപ്പനയ്ക്ക് ഇറക്കാനുള്ള ഒരുക്കത്തിൽ. അര ലക്ഷത്തിലേക്ക് കുരുമുളക് തിരിച്ചെത്തി. വിവാഹസീസണ് പടിവാതിൽക്കൽ എത്തിയതോടെ സ്വർണത്തിന്റെ തിളക്കം വർധിച്ചു.
നാളികേരം
ചിങ്ങം അടുത്തതോടെ നാളികേര ഉത്പാദകരും വിപണിയും വൻ പ്രതീക്ഷയിലാണ്. ഓണ വിൽപ്പന മുന്നിൽക്കണ്ട് മില്ലുകാർ കൊപ്ര സംഭരിക്കാൻ ഉത്സാഹിച്ചത് ഉത്പന്ന വില ഉയർത്തി. ദക്ഷിണേന്ത്യൻ വിപണികളിൽ കൊപ്രയുടെ ലഭ്യത കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് മില്ലുകാരെ സമ്മർദത്തിലാക്കി. ഓണവേളയിലെ വെളിച്ചെണ്ണ വിൽപ്പന മുൻനിർത്തി മില്ലുകാർ വൻ വിലയ്ക്കും കൊപ്ര എടുത്തു.
കോഴിക്കോട് കൊപ്ര വില ക്വിന്റലിന് 10,500 രൂപ വരെ കയറി. കൊച്ചിയിൽ കൊപ്ര 9640-10,150 രൂപയിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ കൊപ്രവില 5870-5900 രൂപ മാത്രമായിരുന്നു. ഒരു വർഷത്തിനിടെ വിലയിലുണ്ടായ കുതിച്ചുചാട്ടം ഉത്പാദകരിൽ ആവേശം ജനിപ്പിച്ചു. ഗ്രാമീണ മേഖലകളിൽ നാളികേര വിളവെടുപ്പു പുരോഗമിക്കുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 14,400 രൂപയിലെത്തി. ഓണവേളയിൽ പ്രദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യമുയരും. വൻകിട മില്ലുകൾ എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പ് വരുത്താനാകുമെന്ന പ്രതീക്ഷയിലാണ്.
റബർ
റബർ ഉത്പാദനം ഇവിടെ മുൻ മാസങ്ങളെ അപേക്ഷിച്ച് ഉയർന്നുവെന്നു വ്യക്തമായതോടെ വ്യവസായികൾ വില ഉയർത്താതെ ഷീറ്റ് സംഭരിക്കുകയാണ്. മുഖ്യ വിപണികളിൽ അടുത്തു ദിവസങ്ങളിൽ പുതിയ ഷീറ്റു വരവ് ശക്തിയാർജിക്കും. തെളിഞ്ഞ കാലാവസ്ഥ റബർ ടാപ്പിംഗ് രംഗം സജീവമാക്കിയതിനാൽ ലാറ്റക്സ് വരവ് ഉയർന്നു.
വ്യവസായികളുടെ ഗോഡൗണുകളിൽ ലാറ്റക്സ് സ്റ്റോക്ക് നാമമാത്രമായിരുന്നിട്ടും അവർ നിരക്ക് 500 രൂപ കുറച്ച് 8000 ന് ശേഖരിച്ചു. ടയർ കന്പനികൾ നാലാം ഗ്രേഡിന് 200 രൂപ കുറച്ച് 12,900 രൂപയാക്കി. അന്താരാഷ്ട്ര വിപണിയിൽ റബറിന് ഉത്പാദന രാജ്യങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു മുന്നേറാനായില്ല. ടോക്കോം എക്സ്ചേഞ്ചിൽ കിലോ 200 യെന്നിൽനിന്ന് 215 വരെ കയറിയ റബർ 224 യെന്നിലേക്കുയരാനുള്ള ശ്രമത്തിലാണ്.
ഏലം
കാത്തിരിപ്പുകൾക്കൊടുവിൽ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളിൽ മഴ ലഭ്യമായത് കർഷകർക്ക് ആശ്വാസമായി. പുതിയ സാഹചര്യത്തിൽ അധികം വൈകാതെ ഏലക്ക വിളവെടുപ്പ് തുടങ്ങാകുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. വാരത്തിന്റെ തുടക്കത്തിൽ കിലോ 1378 രൂപ വരെ ഇടിഞ്ഞ് മികച്ചയിനം ഏലക്ക പിന്നീട് 1517 ലേക്കു തിരിച്ചു കയറി. ശരാശരി ഇനങ്ങൾ കിലോ 1000 രൂപയ്ക്കു മുകളിലാണ്. ഉത്സവകാല ആവശ്യങ്ങൾക്കായി ആഭ്യന്തര വ്യാപാരികൾ ഏലക്ക സംഭരിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പുതിയ ഏലക്ക വരവിനായി ഉറ്റുനോക്കുന്നു.
കുരുമുളക്
ഹൈറേഞ്ച് കുരുമുളക് വില അര ലക്ഷം രൂപയിലേക്കുയർന്നു. ഇറക്കുമതി മൂലം നേരത്തെ ആടിയുലഞ്ഞ വിപണി തളർച്ചയിൽനിന്ന് മികവിലേക്ക് തിരിഞ്ഞിട്ടും കാർഷിക മേഖലകളിൽനിന്നുള്ള കുരുമുളകുവരവ് കുറവാണ്. ഇറക്കുമതിമുളക് പ്രദേശിക തലത്തിൽ വിറ്റഴിക്കാൻ നീക്കം നടക്കുന്നുണ്ട്. ഗാർബിൾഡ് കുരുമുളക് 50,000 രൂപയിലാണ്. വിദേശവ്യാപാര രംഗത്തെ തളർച്ച വിട്ടുമാറിയില്ല. യുറോപ്യൻ കയറ്റുമതിക്ക് ടണ്ണിന് 8050 ഡോളറും യു എസ് ഷിപ്പ്മെന്റിന് 8300 ഡോളറുമാണ് ഇന്ത്യൻ നിരക്ക്.
ചുക്ക്
ചുക്കിന് ആഭ്യന്തര ഡിമാൻഡ്. മഴക്കാലമായതിനാൽ ഉത്തരേന്ത്യയിൽ ചുക്കിന് ആവശ്യം വർധിച്ചു. ആഭ്യന്തര ഡിമാൻഡിൽ തുടർച്ചയായ മൂന്നാം വാരവും ചുക്ക് മികവു കാണിച്ചു. ചുക്കിന് വിദേശ ഓർഡറുകളെത്തുമെന്ന കണക്കുകൂട്ടിലാണ് കയറ്റുമതിസമൂഹം. വിവിധയിനം ചുക്ക് 10,500-12,500 രൂപയിലാണ്.
ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. വ്യവസായികൾ നിരക്കുയർത്താതെ ചരക്ക് സംഭരിക്കുകയാണ്.
അടയ്ക്ക
പാൻ മാസാല വ്യവസായികൾ രംഗത്തുണ്ടെങ്കിലും അടയ്ക്ക വില 19,000-20,000 രൂപയിലാണ്.
സ്വർണം
ചിങ്ങത്തിലെ വിവാഹസീസണിനു മുന്നോടിയായി ആഭരണ വിപണികളിൽ തിരക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്ത് പവന്റെ വില 21,120 രൂപയിൽ നിന്ന് 21,760 വരെ ഉയർന്നു. ഒരുഗ്രാമിന്റെ വില 2720 രൂപ.
ആഗോള വിപണിയിൽ സ്വർണത്തിലെ നിക്ഷേപതാത്പര്യം വർധിച്ചു. യു എസ്-കൊറിയ സൈനിക നീക്കങ്ങൾ മേഖലയിൽ ആശങ്ക ജനിപ്പിച്ചു. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1256 ഡോളറിൽനിന്ന് സ്വർണം 1292 വരെ മുന്നേറി.