മുംബൈ: ഡിസംബര്‍ 16നവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം കുത്തനെ ഇടിഞ്ഞു. 238 കോടി ഡോളറാണ് ഒരാഴ്ച കൊണ്ട് കുറഞ്ഞത്. രൂപയുടെ വില പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വില്‍ക്കുന്നതും ഇന്ത്യയില്‍നിന്നു നിക്ഷേപം പിന്‍വലിക്കുന്ന വിദേശികള്‍ക്കു ഡോളര്‍ നല്‌കേണ്ടിവന്നതുമാണ് ഇത്ര വലിയ താഴ്ചയ്ക്കു കാരണം. ഡിസംബര്‍ 16ന് 36,060 കോടി ഡോളറാണു റിസര്‍വ് ബാങ്കിന്‍റെ ശേഖരത്തിലുള്ളത്. തലേ ആഴ്ച 88.72 കോടി ഡോളര്‍ കുറഞ്ഞതാണ്.
സെപ്റ്റംബര്‍ 30ന് 37,199 കോടി ഡോളര്‍ ഉണ്ടായിരുന്നു റിസര്‍വ്. രണ്ടര മാസം കൊണ്ട് 1,138 കോടി ഡോളര്‍ കുറഞ്ഞു. നവംബറിലും ഡിസംബറിലും വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍നിന്നു വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുകയുണ്ടായി. അമേരിക്കയില്‍ പലിശ കൂടുന്ന സാഹചര്യത്തിലാണിത്.
ഇന്നലെ രൂപ ഡോളറിന്‍റെ മേല്‍ നേട്ടം കുറിച്ചു. ഡോളര്‍ വില 17 പൈസ കുറഞ്ഞ് 67.82 രൂപയായി. ഇന്നലെ ഓഹരിവിപണി നേരിയ തോതില്‍ കയറി. ഏഴു ദിവസം തുടര്‍ച്ചയായി താണ ശേഷമാണു കയറ്റം. എന്നാല്‍, ആഴ്ചയിലെ കണക്കനുസരിച്ച് സൂചികകള്‍ കനത്ത നഷ് ടത്തിലാണ്. സെന്‍സെക്‌സ് ഇന്നലെ 61.1 പോയിന്‍റ് കയറി 26,040.7ലെത്തി. ആഴ്ചയിലെ നഷ്ടം 448.86 പോയിന്‍റ്. നിഫ്റ്റി 6.65 പോയിന്‍റ് കയറി 7,985.75 ആയി. ആഴ്ചയിലെ നഷ്ടം 153.7 പോയിന്‍റ്.