മുംബൈ: അനുകൂല വാർത്തകളും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും ഓഹരി സൂചികയെ കൈപിടിച്ചുയർത്തുന്നതു കണ്ട് പ്രാദേശിക നിക്ഷേപകർ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ വാങ്ങാൻ ഉത്സാഹിച്ചു. വിദേശ ഫണ്ടുകൾ വില്പനയുടെ മാധുര്യം നുകരുകയാണെങ്കിലും സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം വാരത്തിലും മികവിലാണ്. പ്രമുഖ സൂചികകൾ രണ്ടു ശതമാനം നേട്ടം സ്വന്തമാക്കി. ബിഎസ്ഇ സൂചിക 478 പോയിന്റും എൻഎസ്ഇ 156 പോയിന്റും ഉയർന്നു.
കോർപ്പറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ ഫലങ്ങൾക്ക് തിളക്കം വർധിച്ചത് ആഭ്യന്തര ഫണ്ടുകളെ പുതിയ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിച്ചു. ഇൻഫോസിസ് ടെക്നോളജിയും ടിസിഎസും മികച്ച റിപ്പോർട്ട് പുറത്തുവിട്ടു. അടുത്ത പൊതുബജറ്റിൽ സാന്പത്തിക മുന്നേറ്റത്തിനു വേഗത പകരും നിർദ്ദേശങ്ങളുണ്ടാവുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ വിപണിയിലേക്ക് അടുപ്പിച്ചു. മുൻനിരയിലെ ഏഴ് കന്പനികളുടെ വിപണിമൂല്യത്തിൽ പോയവാരം 37,833.55 കോടി രൂപയുടെ വർധന.
വ്യാവസായിക വളർച്ച പന്ത്രണ്ട് മാസത്തിലെ ഉയർന്ന നിലവാരമായ 5.7 ശതമാനമായി നവംബറിൽ ഉയർന്നു. ഉപഭോക്തൃ വിലസൂചിക നവംബറിലെ 3.63 ശതമാനത്തിൽനിന്ന് ഡിസംബറിൽ 3.41 ശതമാനമായതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.ഫ്രെബുവരിയിലെ നയാവലോകനത്തിൽ ആർബിഐ പലിശനിരക്ക് കുറയ്ക്കാം. അതേസമയം ഫോറെക്സ് മാർക്കറ്റിൽ പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ രൂപ വീണ്ടും തളർന്നു. രൂപയുടെ വിനിമയ മൂലം 68.24ലേക്ക് ഇടിഞ്ഞു.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 882.75 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഓപ്പറേറ്റർമാർ 1109.96 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. വരും ദിനങ്ങളിൽ രൂപ കൂടുതൽ സമ്മർദത്തിലേക്കു നീങ്ങുമെന്ന സൂചന എണ്ണവിപണി പുറത്തുവിട്ടു. സൗദി അറേബ്യ ക്രൂഡ് ഓയിൽ ഉത്പാദനം രണ്ട് വർഷത്തിനിടയിലെ കുറഞ്ഞ നിലവാരത്തിലെത്തിയത് ആഗോള വിപണിയിൽ എണ്ണയ്ക്കു ചൂടുപകരാം. എന്നാൽ, അഞ്ച് ആഴ്ചയ്ക്കിടെ ആദ്യമായി ക്രൂഡ് വില കുറഞ്ഞ് വാരാന്ത്യം 52.37 ഡോളറായി. എണ്ണയ്ക്ക് ചൈനീസ് ഡിമാൻഡ് മങ്ങിയത് ഒപ്പെക്കിൽ ആശങ്ക ഉളവാക്കി. 2009ലെ സാന്പത്തിക പ്രതിസന്ധിക്കുശേഷം ആദ്യമാണ് ചൈനയിൽ ക്രൂഡ് ഓയിലിനു ഡിമാൻഡ് കുറയുന്നത്.
ബോംബെ സെൻസെക്സ് 26,711ൽനിന്ന് 27,369 വരെ ഉയർന്ന ശേഷം വാരാന്ത്യം 27,238ലാണ്. ഈ വാരം ആദ്യ പ്രതിരോധം 27,497 പോയിന്റിലാണ്. ഈ തടസം ഭേദിച്ചാൽ 27,757-28,150നെ ലക്ഷ്യമാക്കി സൂചിക നീങ്ങാം. അതേസമയം തിരിച്ചടി നേരിട്ടാൽ 26,844-26,451ലേക്കു തളരാം. ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ സൂചിക 26,191 വരെ നീങ്ങാം. സെൻസെക്സിന്റെ മറ്റ് സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ പാരാബോളിക്ക് എസ്എആർ, എംഎസിഡി ബുള്ളിഷ് ട്രൻഡ് നിലനിർത്തി. അതേസമയം ആർഎസ്ഐ 14, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സിസിഐ 20 എന്നിവ ഓവർ ബോട്ടാണ്.
നിഫ്റ്റി സൂചിക തുടക്കത്തിലെ താഴ്ന്ന നിലവാരമായ 8231ൽനിന്ന് 8438 വരെ മുന്നേറിയ ശേഷം വ്യാപാരാന്ത്യം ഏറെ നിർണായകമായ 8400ന് മുകളിൽ ഇടം കണ്ടെത്തി. 100 ഡിഎംഎ ഈ റേഞ്ചിൽ നിലകൊള്ളുന്നതിനാൽ രണ്ടു ദിവസം നേരിയ റേഞ്ചിൽ നീങ്ങിയ ശേഷം കൂടുതൽ കരുത്തിന് ശ്രമം നടത്താം. നിഫ്റ്റി സൂചികയുടെ അടുത്ത പ്രതിരോധങ്ങൾ 8481-8563 ലാണ്. തളർച്ച സംഭവിച്ചാൽ 8274-8149ൽ താങ്ങ് പ്രതീക്ഷിക്കാം.
ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതി കഴിഞ്ഞ വർഷം അഞ്ചു ശതമാനം ഇടിഞ്ഞു. ലാറ്റിനമേരിക്ക, ആഫ്രിക്കൻ ഓർഡറുകൾ ചുരുങ്ങിയത് കയറ്റുമതിയെ തളർത്തി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ കയറ്റുമതി കുറഞ്ഞു. ഏഷ്യൻ വിപണികൾ പലതും കയറിയിറങ്ങിയപ്പോൾ യൂറോപ്യൻ മാർക്കറ്റുകൾ നേട്ടത്തിലായിരുന്നു. അമേരിക്കയിൽ ഡൗ ജോണ്സ് സൂചിക 20,000 മറികടക്കാനുള്ള ശ്രമം വിജയിച്ചില്ല. വാരാന്ത്യം സൂചിക 19,885ലാണ്. നാസ്ഡാക്, എസ് ആൻഡ് പി 500 ഇൻഡക്സുകൾ മികവ് കാണിച്ചു.