മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട വാണിജ്യയുദ്ധം എന്ന ശരത്തിന്റെ മൂർച്ചയിൽ ആഗോള കമ്പോളങ്ങളിൽ ഉലച്ചിൽ തുടരുന്നു. ഇന്ത്യൻ ഓഹരിസൂചികകളായ സെൻസെക്സിലും നിഫ്റ്റിയിലും ഇന്നലെയും ഇടിവു തുടർന്നു. സെൻസെക്സ് 300.16 പോയിന്റ് ഇടിഞ്ഞ് 33,746.78ലും നിഫ്റ്റി 99.50 പോയിന്റ് ഇടിഞ്ഞ് 10,358.85ലും വ്യാപാരം അവസാനിപ്പിച്ചു.
ബോംബെ ഓഹരിസൂചിക രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ. ഡോണൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് നികുതി ഉയർത്തിയതാണ് ആഗോളവ്യാപകമായി കമ്പോളങ്ങളിൽ പ്രതിഫലിച്ചത്.
കൂടാതെ ഇന്ത്യയിലെ സേവനമേഖലയിലെ വളർച്ച ഫെബ്രുവരിയിൽ കുറഞ്ഞതും നിക്ഷേപകരെ വില്പനക്കാരാക്കി. നിക്കീ ഇന്ത്യ സർവീസസ് ബിസിനസ് ആക്ടിവിറ്റി ഇൻഡക്സ് ജനുവരിയിൽ 51.7 ശതമാനമുണ്ടായിരുന്നത് ഫെബ്രുവരി 47.8 ശതമാനത്തിലേക്കു താഴ്ന്നു. 2017 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സൂചിക ഇപ്പോൾ.
മെറ്റൽ സ്ഥാപനങ്ങളുടെ ഓഹരികൾക്കാണ് ഇടിവു നേരിട്ടത്. എൻഎംഡിസി 5.85 ശതമാനം, നാഷണൽ അലുമിനിയം 4.98 ശതമാനം, എഎസ്ഡബ്ല്യു സ്റ്റീൽ 4.68 ശതമാനം, ജിൻഡൽ സ്റ്റീൽ 4.32 ശതമാനം, ഹിൻഡാൽകോ 4.29 ശതമാനം, സെയ്ൽ 3.58 ശതമാനം, ടാറ്റാ സ്റ്റീൽ 2.95 ശതമാനം, വേദാന്ത 2.51 ശതമാനം, ഹിന്ദുസ്ഥാൻ സിങ്ക് 0.71 ശതമാനം താഴ്ന്നു.
ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, എഫ്എംസിജി, പിഎസ്യു, കാപിറ്റൽ ഗുഡ്സ്, ഇൻഫ്രാസ്ട്രക്ചർ, പവർ, റിയൽറ്റി, ഹെൽത്ത്കെയർ, ബാങ്കിംഗ് ഓഹരികൾ 1.81 ശതമാനം വരെ താഴ്ന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഹോങ്കോംഗിന്റെ ഹാങ് സെങ്ക് സൂചിക 2.28 ശതമാനവും ജപ്പാന്റെ നിക്കീ 0.66 ശതമാനവും താഴ്ന്നപ്പോൾ യൂറോപ്യൻ ഓഹരികൾക്ക് നേരിയ നേട്ടമുണ്ടായി.