ന്യൂഡൽഹി: ചില്ലറ വിലക്കയറ്റം (സിപിഐ) ഫെബ്രുവരിയെ അപേക്ഷിച്ചു മാർച്ചിൽ അല്പം കുറവായി. എന്നാൽ, തലേ മാർച്ചിനെ അപേക്ഷിച്ചു വിലക്കയറ്റം കൂടുതലാണ്. അതേസമയം ഫെബ്രുവരിയിലെ വ്യവസായ വളർച്ചയിൽ ചെറിയ കുറവുണ്ട്.
ചില്ലറ വില ആധാരമാക്കിയുള്ള ഉപഭോക്തൃ വില സൂചിക മാർച്ചിൽ 4.28 ശതമാനം വർധിച്ചു. ഫെബ്രുവരിയിൽ ഇത് 4.44 ശതമാനമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മാർച്ചിൽ 3.89 ശതമാനം മാത്രമായിരുന്നു.
പച്ചക്കറി (11.7 ശതമാനം വർധന), മുട്ട (7.47 ശതമാനം), പഴങ്ങൾ (5.78 ശതമാനം) എന്നിവയുടെ വില ഉയർന്നു. പയറുവർഗങ്ങൾക്കു 13.41 ശതമാനം കുറവുണ്ട്. ഇന്ധനം, വെളിച്ചം തുടങ്ങിയവയ്ക്ക് 5.73 ശതമാനം വർധനയുണ്ട്. റിസർവ് ബാങ്കിന്റെ നാലു ശതമാനം ലക്ഷ്യത്തേക്കാൾ കൂടുതലാണു ചില്ലറ വില വർധന.
ഫെബ്രുവരിയിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) യിലെ വളർച്ച 7.1 ശതമാനമാണ്. ജനുവരിയിൽ 7.4 ശതമാനമുണ്ടായിരുന്നു. ഫാക്ടറി ഉത്പാദനത്തിൽ 8.7 ശതമാനം വളർച്ച ഉണ്ടായതാണ് എടുത്തുപറയേണ്ടകാര്യം. വൈദ്യുതി ഉത്പാദനം 4.5 ശതമാനം കൂടി. ഏപ്രിൽ-ഫെബ്രുവരിയിലെ ഐഐപി വളർച്ച 4.3 ശതമാനം മാത്രമാണുള്ളത്.