ബംഗളൂരു: ഉപയോക്താക്കളുടെ പോക്കറ്റില്‍നിന്നും പണം വാരിയിട്ടും ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ത്തന്നെ. വിറ്റുവരവ് ഗണ്യമായി ഉയര്‍ന്നു. എന്നാല്‍, ചെലവ് റോക്കറ്റ് പോലെ കുതിച്ചുവെന്നു പറയാം. ഡിസ്കൗണ്ടുകള്‍, പരസ്യം, ജീവനക്കാരുടെ ചെലവുകള്‍ എന്നിവയാണ് വരവില്‍ കവിഞ്ഞ ചെലവുയര്‍ത്താന്‍ കാരണം. 2016ലെ ധനകാര്യ വര്‍ഷത്തില്‍ വരുമാനം കാര്യമായുണ്ടെങ്കിലും 2015 ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.
ഇറീട്ടെയ്‌ലര്‍മാര്‍, ഫര്‍ണിച്ചര്‍ സെല്ലര്‍മാര്‍, ട്രാവല്‍ പോര്‍ട്ടലുകള്‍, ഫുഡ് ഓര്‍ഡറിംഗ് ആന്‍ഡ് ഡെലിവറി കമ്പനികള്‍ തുടങ്ങി 14 കമ്പനികളുടെ നഷ്ടം 138 ശതമാനം ഉയര്‍ന്ന് 10,670 കോടി രൂപയായി. ഇതിന്‍റെ 70 ശതമാനം ആമസോണ്‍ ഇന്ത്യ, ഫഌപ്കാര്‍ട്ട്, പേ ടിഎം എന്നിവയുടെ മാത്രമാണ്. പേ ടിഎമിന്‍റെ നഷ്ടം തലേ വര്‍ഷത്തെ അപേക്ഷിച്ച് നാലു മടങ്ങാണ് വര്‍ധിച്ചത്.
പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം ചെലവാക്കിയത് ആമസോണാണ്, 2,163 കോടി രൂപ. പേടിഎം 1,115 കോടി രൂപ ചെലവാക്കിയപ്പോള്‍ ഫഌപ്കാര്‍ട്ട് 923 കോടി രൂപ പരസ്യങ്ങള്‍ക്കായി നീക്കിവച്ചു.
ജനുവരി മുതല്‍ നവംബര്‍ വരെ 370 കോടി ഡോളറിന്‍റെ ഫണ്ടിംഗ് ഉണ്ടായി. 2015ല്‍ ഇത് 750 കോടി ഡോളറായിരുന്നുവെന്ന് ടാക്‌സണ്‍ ടെക്‌നോളജീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിനാല്‍ 2017ല്‍ പല ചെറുകമ്പനികളും ലയിക്കാനുള്ള സാധ്യതകള്‍ ഉയരുന്നുണ്ട്.