ന്യൂഡൽഹി: കയറ്റുമതിയിൽ കുതിപ്പു കാണിച്ച സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞു. ഇത് വാണിജ്യകമ്മി കൂടാതിരിക്കാൻ സഹായിച്ചു. കയറ്റുമതിയിലെ 25.67 ശതമാനം വർധന ഈ വർഷത്തെ ഏറ്റവും ഉയർന്ന നേട്ടമാണ്. മൊത്തം 2861 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. ഇറക്കുമതി 18.09 ശതമാനം കൂടി 3760 കോടി ഡോളറായി. വാണിജ്യകമ്മി 890 കോടി ഡോളർ. ഇതു തലേ സെപ്റ്റംബറിനേക്കാൾ 0.9 ശതമാനം കുറവാണ്.
സ്വർണ ഇറക്കുമതി അഞ്ചുശതമാനം കുറഞ്ഞ് 170 കോടി ഡോളറിന്റേതായി. ജനുവരിക്കുശേഷം ഇതാദ്യമാണു സ്വർണ ഇറക്കുമതിയിൽ കുറവ് വരുന്നത്. ക്രൂഡ് ഓയിൽ വിലയിൽ 18.4 ശതമാനം വർധന ഉണ്ടായതും ഇറക്കുമതിച്ചെലവ് വർധിപ്പിച്ചു. ഇരുന്പ് -ഉരുക്ക് ഇറക്കുമതി 34.9 ശതമാനവും കൽക്കരി ഇറക്കുമതി 48 ശതമാനവും വർധിച്ചു.
എൻജിനിയറിംഗ് ഉത്പന്ന കയറ്റുമതി 44.2 ശതമാനം വർധിച്ച് 730 കോടി ഡോളറിന്റേതായി. റെഡിമെയ്ഡ് കയറ്റുമതി 29.4 ശതമാനം വർധിച്ച് 160 കോടി ഡോളറിലെത്തി. രത്ന കയറ്റുമതി 470 കോടി ഡോളറിലേക്കു വർധിച്ചു. 350 കോടി ഡോളറിന്റെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഇത് 29.6 ശതമാനം വർധന കുറിച്ചു.