ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം സെപ്റ്റംബറിൽ 2.6 ശതമാനമായി. ഓഗസ്റ്റിലെ 3.24 ശതമാനത്തെ അപേക്ഷിച്ച് ഇതു കുറവാണ്. എന്നാൽ, കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 1.36 ശതമാനവുമായി തട്ടിച്ചുനോക്കുന്പോൾ നാണ്യപ്പെരുപ്പം വർധിച്ചു.
ഭക്ഷ്യവിലകൾ കുറഞ്ഞതാണു സൂചികയിലെ കയറ്റം മിതമാകാൻ കാരണം. പച്ചക്കറികൾക്ക് ഓഗസ്റ്റിൽ 44.91 ശതമാനമുണ്ടായിരുന്ന വിലക്കയറ്റം കഴിഞ്ഞമാസം 15.48 ശതമാനമായി കുറഞ്ഞു. പയർവർഗങ്ങൾക്ക് 24.26 ശതമാനവും ഉരുളക്കിഴങ്ങിന് 46.52 ശതമാനവും വില താണു.
ഭക്ഷ്യ-ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ നാണ്യപ്പെരുപ്പം വർധിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ 2.6 ശതമാനത്തിൽനിന്ന് 2.8 ശതമാനത്തിലേക്ക്.റിസർവ് ബാങ്കും മറ്റും നയരൂപീകരണത്തിനു ചില്ലറ വിലക്കയറ്റമാണ് ആധാരമാക്കുന്നത്.