വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഏഷ്യൻ ടയർ ഭീമന്മാർ തായ്ലൻഡിൽനിന്നുള്ള റബർ ലഭ്യതയെ ഉറ്റുനോക്കുന്നു. വിദേശ കുരുമുളകുവരവ് ഉത്സവസീസണിലെ വിലക്കയറ്റത്തിന് ഭീഷണിയാവും. ഏലത്തോട്ടങ്ങളിലെ സ്ഥിതി പരിതാപകരം, ഉത്പാദനം കുറയുമെന്ന് കർഷകർ. ഉത്തരേന്ത്യയിൽ മഴ സജീവമായാൽ ചുക്ക് വില ഉയരാം. പച്ചത്തേങ്ങ സംഭരണം തുടങ്ങി, വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. സ്വർണവിലയിൽ ചാഞ്ചാട്ടം.
റബർ
വ്യവസായികൾ തായ്ലൻഡിൽനിന്നുള്ള പുതിയ ഷീറ്റ് വരവിനെ ഉറ്റുനോക്കുന്നു. ബാങ്കോക്കിൽ വരവ് ശക്തിയാർജിക്കുംമുമ്പേ നിരക്ക് താഴുന്ന പ്രവണത ദൃശ്യമായി. രണ്ടാഴ്ച മുമ്പ് 14,300 രൂപയിൽ നീങ്ങിയ മികച്ചയിനം ഷീറ്റിന്റെ വില ഇതിനകം 13,100ലേക്ക് നീങ്ങി. ടാപ്പിംഗ് രംഗം ഊർജിതമാകുന്ന മുറയ്ക്ക് അവിടെ റബർ വരവ് ഉയരും. ബാങ്കോക്കിലെ ചരക്കുവരവിനെ നിരീക്ഷിക്കുകയാണ് ചൈനീസ് വ്യവസായികൾ. വിദേശ ഡിമാൻഡ് രാജ്യാന്തര വിപണിക്കു താങ്ങ് പകരുമെന്ന വിശ്വാസത്തിലാണ് ഇതര ഉത്പാദകരാജ്യങ്ങൾ. ഇന്തോനേഷ്യയും മലേഷ്യയും കരുതലോടെയാണ് റബർ വില്പനയ്ക്ക് ഇറക്കുന്നത്.
ഇന്ത്യയിൽ റബർ ക്ഷാമം രൂക്ഷമെങ്കിലും ആഭ്യന്തര വ്യവസായികൾ സംഘടിതരായി വിലക്കയറ്റത്തെയും വിലത്തകർച്ചയെയും പിടിച്ചുനിർത്തുകയാണ്. നാലാം ഗ്രേഡ് റബർ 15,000 രൂപയിലാണ്. ജൂണിൽ വില 15,500 വരെ ഉയർന്ന അവസരത്തിലും കാര്യമായി ചരക്ക് സംഭരിക്കാനായില്ല. അതേസമയം ബാങ്കോക്കിലെ വിലയിടിവ് കഴിഞ്ഞവാരം നമ്മുടെ വിപണിയെ സ്വാധീനിച്ചില്ല.
നിലവിലെ സ്ഥിതിയിൽ ഇന്ത്യൻ വിപണിയിൽ വില ഈ റേഞ്ചിൽ പിടിച്ചുനിലനിർത്തിയാൽ മാത്രമേ കർഷകർ റബർവെട്ടിന് ഉത്സാഹിക്കൂ. പെട്ടെന്നു വില ഇടിഞ്ഞാൽ വലിയൊരു പങ്ക് കർഷകർ ടാപ്പിംഗിൽനിന്ന് പിൻവലിഞ്ഞാൽ ടയർ വ്യവസായികൾക്കു തന്നെ അതു തിരിച്ചടിയാവും. ടോക്കോമിൽ റബർ മികവിലാണെങ്കിലും വിപണിയിലെ ആധിപത്യം കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് വില്പനക്കാർ.
കുരുമുളക്
വിദേശ കുരുമുളകു വരവ് ഉയർന്നത് ആഭ്യന്തര ഉത്പാദകരെ ബാധിക്കും. ഉത്തരേന്ത്യയിൽ ഉത്സവസീസണിനുള്ള ഒരുക്കത്തിലാണ്. ദീപാവലി-ദസറ വേളയിലാണ് കുരുമുളക് വില്പന ഉയരുന്നത്. കേരളത്തിലും കർണാടകയിലും വിളവെടുപ്പ് പൂർത്തിയായതിനാൽ ഓഫ് സീസണിലെ വിലക്കയറ്റത്തിനായി കർഷകർ കാത്തിരിക്കുകയാണ്.
മേയ്-ജൂൺ മാസങ്ങളിൽ നൂറു ടണ്ണിലധികം മുളക് ശ്രീലങ്കയിൽനിന്നെത്തി. വിയറ്റ്നാമിൽനിന്നുള്ള ചരക്കുവരവ് 1000 ടണ്ണിനു മുകളിലാണ്. വിയറ്റ്നാം ടണ്ണിന് 2200 ഡോളറിനും ശ്രീലങ്ക 3300 ഡോളറിനുമാണ് ഷിപ്മെന്റ് നടത്തുന്നത്. ഇന്ത്യൻ വില 5400 ഡോളർ. ഹൈറേഞ്ച് മുളക് കിലോ 340 രൂപയും വയനാടൻ മുളക് 325 രൂപയിലുമാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 35,600 രൂപ.
ഏലം
ഏലത്തിന് ഡിമാൻഡ് ശക്തമാണെങ്കിലും ലേലകേന്ദ്രങ്ങളിൽ ലഭ്യത കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷിനാശവും കണക്കിലെടുത്താൽ വരുന്ന രണ്ടു മാസം പുതിയ ചരക്ക് വില്പനയ്ക്ക് ഇറങ്ങില്ലെന്നാണ് ഉത്പാദകരുടെ പക്ഷം. കയറ്റുമതി വിപണിയിൽ പ്രിയമേറിയ വലുപ്പം കൂടിയ ഇനങ്ങൾക്ക് ക്ഷാമം തുടരുന്നു. പോയവാരം മികച്ചയിനങ്ങൾ കിലോഗ്രാമിന് ഏകദേശം 3600 രൂപയിൽ നീങ്ങി.
നാളികേരം
പച്ചത്തേങ്ങ സംഭരണത്തിന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു, നാളികേരോത്പന്നങ്ങളുടെ വിലയിൽ ഉണർവ് പ്രതീക്ഷിക്കാം. സർക്കാർ ഏജൻസി പച്ചത്തേങ്ങ കിലോഗ്രാമിന് 27 രൂപയ്ക്കു സംഭരിക്കും. ഇതര ഭക്ഷ്യയെണ്ണകളുടെ വില താഴ്ന്നതിനാൽ ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണ വില്പന കുറഞ്ഞത് കൊപ്രയ്ക്കും തിരിച്ചടിയായി. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 12,900 രൂപയിലും കൊപ്ര 8635ലുമാണ്.
സ്വർണം
സ്വർണവിലയിൽ ചാഞ്ചാട്ടം. പവൻ 25,160 രൂപയിൽനിന്ന് 24,920ലേക്ക് ഒരവസരത്തിൽ താഴ്ന്നശേഷം വാരത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിൽ 25,680 ലേക്കുയർന്നു. വാരാന്ത്യം പവൻ 25,520ലാണ്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1398 ഡോളർ.