വിപണി വിശേഷം / കെ.ബി. ഉദയഭാനു
ശ്രീലങ്കൻ കുരുമുളകുവരവ് കണ്ട് ആഭ്യന്തര വാങ്ങലുകാർ ചരക്കുസംഭരണം കുറച്ചു. ഏലക്ക വരവ് ചുരുങ്ങിയിട്ടും ഉത്പന്നത്തിന് മുന്നേറാനായില്ല. ലഭ്യത കനത്ത തക്കത്തിന് ജാതിക്കവില ഇടിക്കാൻ വാങ്ങലുകാർ ശ്രമം ശക്തമാക്കി. ഇറക്കുമതി പാചകയെണ്ണകളുടെ വിലയിടിവ് വെളിച്ചെണ്ണയെ തളർത്തി. റബർ ഇറക്കുമതി നയത്തിൽ കേന്ദ്രം കത്തിവയ്ക്കാൻ ഒരുങ്ങുന്നു. വാങ്ങലുകാർക്ക് പവന്റെ വില ആകർഷകമായി.
കുരുമുളക്
കുരുമുളക് ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഒരുങ്ങവേ വ്യവസായികൾ ശ്രീലങ്കൻ ചരക്ക് എത്തിക്കാനുള്ള നീക്കം കാർഷികമേഖലയ്ക്ക് കനത്ത പ്രഹരമാവും. ഇന്ത്യ- ശ്രീലങ്ക വാണിജ്യ ഉടന്പടിപ്രകാരം പ്രതിവർഷം 2,500 ടണ് കുരുമുളക് ഇന്ത്യയിലേക്ക് അവർ കയറ്റുമതി നടത്തും. ഈ ചരക്കിനെ ഇറക്കുമതി ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതിനാൽ ഉത്പന്നം എത്തിക്കാൻ ഇറക്കുമതി ലോബി മത്സരിക്കും.
കഴിഞ്ഞ ദിവസമാണ് 78 കന്പനികൾക്ക് വാണിജ്യമന്ത്രാലയം ലൈസൻസ് അനുവദിച്ചത്. ഹൈറേഞ്ച് മുളകിനെ അപേക്ഷിച്ച് ശ്രീലങ്കൻ വില കുറവായതിനാൽ ഈ മാസം തന്നെ വ്യവസായികൾ ഷിപ്പ്മെന്റിന് നീക്കം നടത്താം. ഇറക്കുമതി ചരക്ക് മൂല്യവർധിത ഉത്പന്നമാക്കി റീ എക്സ്പോർട്ട് നടത്തമെന്നാണ് വ്യവസ്ഥയെങ്കിലും ഏകദേശം ആറുമാസത്തെ കാലാവധി ഇതിന് ലഭിക്കുമെന്നതിനാൽ ഇറക്കുമതിക്കാർ തത്കാലം ചരക്ക് ആഭ്യന്തരവിപണിയിൽ വിറ്റഴിക്കാനിടയുണ്ട്.
ഓഗസ്റ്റ്-ഒക്ടോബറിലെ ഉത്സവകാല ഡിമാൻഡ് കുരുമുളകുവില ഉയർത്തുമെന്ന പ്രതീക്ഷകൾക്ക് ഇതോടെ താത്കാലികമായി മങ്ങലേറ്റു. ഇറക്കുമതി പൂർത്തിയായാൽ വ്യവസായികൾ ആഭ്യന്തരനിരക്ക് ഉയർത്തി ഇരട്ടി ലാഭത്തിനും ശ്രമിക്കാം. പിന്നിട്ടവാരം ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലെ സ്റ്റോക്കിസ്റ്റുകൾ കാര്യമായി മുളകിറക്കിയില്ല. നിരക്ക് കുറയുന്നതു കണ്ട് ചില വാങ്ങലുകാർ രംഗത്തുനിന്ന് താത്കാലികമായി അകന്നു. ക്വിന്റലിന് 500 രൂപ താഴ്ന്ന് ഗാർബിൾഡ് മുളക് 38,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5,800 ഡോളറിലാണ്.
ഏലം
ഹൈറേഞ്ചിലെ കാലാവസ്ഥാ മാറ്റം ഏലക്ക ഉത്പാദനം പുനരാരംഭിക്കാൻ അവസരമൊരുക്കുമെന്ന നിഗമത്തിലാണ് വ്യാപാരരംഗം. നേരത്തെ വരൾച്ചമൂലം വിളവെടുപ്പ് നിലച്ചതിനാൽ ലേലകേന്ദ്രങ്ങളിൽ വരവ് രണ്ടുമാസമായി കുറഞ്ഞിട്ടും ഓഫ് സീസണിൽ ഉത്പന്നത്തിന് തിളങ്ങാനായില്ല. ആഴ്ചയുടെ തുടക്കത്തിൽ കിലോ 1,078 രൂപയായി താഴ്ന്ന ഏലക്ക വാരാന്ത്യം 1277 രൂപയിലാണ്. കാലവർഷം സജീവമാകുന്നതോടെ കർഷകർ തോട്ടങ്ങളിലേക്ക് ശ്രദ്ധചെലുത്തും.
ഗൾഫ് രാജ്യങ്ങൾ പെരുന്നാളിന് മുന്നോടിയായുള്ള വാങ്ങൽ ഇതിനകംതന്നെ പൂർത്തിയാക്കി. സീസൺ തുടങ്ങുന്നതോടെ കൂടുതൽ വിദേശ ഓർഡറുകൾ പ്രതീക്ഷിക്കാം. ഉത്തരേന്ത്യയിൽനിന്നു വൈകാതെ ഉത്സവകാല ഡിമാൻഡ് ഏലത്തിന് എത്തും.
ജാതിക്ക
പുതിയ ജാതിക്കയും ജാതിപത്രിയും വിപണിയിലേക്ക് ഒഴുകിയത് ഉത്പന്നവിലയെ ബാധിച്ചു. കയറ്റുമതികേന്ദ്രങ്ങൾ ചരക്കുവരവ് കണ്ട് സംഭരണം കുറച്ചത് വിലയെ ബാധിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ വിലയിടിച്ച് ഉത്പന്നം കൈക്കലാക്കി. മഴമൂലം ജാതിക്കയിലെ ജലാംശത്തോത് ഉയരുന്നതും വിലക്കയറ്റത്തിനു തടസമാവുന്നു. കൊച്ചിയിൽ ജാതിക്ക കിലോ 140-175 രൂപയിലും ജാതിപരിപ്പ് 300-320 രൂപയിലും ജാതിപത്രി 350-450 രൂപയിലുമാണ്.
ചുക്ക്
ഉത്പാദകർ കാര്യമായി ചരക്ക് വില്പനയ്ക്കിറക്കിയില്ല. വരവു ചുരുങ്ങിയെങ്കിലും നിരക്കുയർത്താൻ കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും തയാറായില്ല. ഉത്തരേന്ത്യയിൽ മഴ സജീവമാകുന്നതോടെ ചുക്കിന് ആഭ്യന്തര ഡിമാൻഡ് ഉയരാം. യൂറോപ്പിൽനിന്നും ഗൾഫ് മേഖലകളിൽനിന്നും മാസത്തിന്റെ രണ്ടാം പകുതി പുതിയ ഓർഡറുകൾ വൈകാതെ പ്രതീക്ഷിക്കാം. ചുക്ക് 14,500-15,500 രൂപയിലാണ്.
റബർ
റബർ ഇറക്കുമതി നയത്തിൽ മാറ്റം വരുത്താനുള്ള അണിയറനീക്കങ്ങൾ കേന്ദ്രത്തിൽ പുരോഗമിക്കുന്നു. ഇറക്കുമതിനയം മാറ്റിയെഴുതിയാൽ വരും കാലങ്ങളിൽ വിദേശ ടയർ ഭീമന്മാർക്ക് ഇന്ത്യൻ വിപണിയെ നിഷ്പ്രയാസം അമ്മാനമാടാനാകും. രാജ്യാന്തരവിലയെ അപേക്ഷിച്ച് ഉയർന്നാണ് ഇന്ത്യയിൽ ഇപ്പോൾ ഇടപാടുകൾ നടക്കുന്നത്. ഈ സ്ഥതിയിൽ മാറ്റം വന്നാൽ നമ്മുടെ ഉത്പാദകർക്ക് റബർകൃഷിയിൽ പിടിച്ചു നിൽക്കാനാവില്ല.
ഏഷ്യൻ റബർ വിപണികൾക്ക് വീണ്ടും കാലിടറി. ടയർ ഭീമന്മാർ രാജ്യാന്തരവിപണിയിൽനിന്നുള്ള റബർ സംഭരണം കുറച്ചത് അവധിവ്യാപാരത്തിൽ ഉത്പന്നത്തിന് തിരിച്ചടിയായി. അമേരിക്ക- ചൈന വ്യാപാര യുദ്ധം ടയർ കയറ്റുമതിക്ക് ഭീഷണിയാവുമെന്ന ആശങ്കയിൽ തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള സംഭരണം ചൈന കുറച്ചു. ഈ വിവരം ടോക്കോമിൽ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു.
മേയ് അവസാനം കിലോ 200 യെൻ വരെ ഉയർന്ന റബർ നിലവിൽ കിലോ 174- 189 യെന്നിലാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും റബറിനെ സ്വാധീനിച്ചു. സംസ്ഥാനത്ത് 13,000 രൂപ വരെ ഉയർന്ന നാലാം ഗ്രേഡ് ടയർ ലോബിയുടെ സംഘടിത നീക്കം മൂലം വാരാന്ത്യം 12,600ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബറിന് 300 രൂപ കുറഞ്ഞ് 12,400 രൂപയായി. ലാറ്റക്സ് ക്ഷാമം രൂക്ഷമെങ്കിലും വ്യവസായികളും പിന്മാറ്റത്തെത്തുടർന്ന് 9000 രൂപയിൽനിന്ന് 8600ലേക്ക് ഇടിഞ്ഞു.
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് തിരിച്ചടി. കാലവർഷത്തിന്റെ വരവ് കൊപ്രവില ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും സ്റ്റോക്കിസ്റ്റുകൾ. വൻകിട മില്ലുകൾ എണ്ണ വിറ്റഴിക്കാൻ തിരക്കിട്ട നീക്കം നടത്തി. പ്രദേശിക തലത്തിൽ വെളിച്ചെണ്ണവില്പന ഉയർന്നില്ല. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 500 രൂപ ഇടിഞ്ഞ് 17,400 രൂപയായി. കൊപ്ര 11,925 രൂപയിൽനിന്ന് 11,605 രൂപയായി.
സ്വർണം
കേരളത്തിൽ സ്വർണവില പവന് 360 രൂപ താഴ്ന്നു. ആഭരണകേന്ദ്രങ്ങളിൽ 23,200 രൂപയിൽ വില്പനയാരംഭിച്ച പവൻ വാരമധ്യം 23,000 രൂപയിലെ താങ്ങ് തകർത്ത് വെള്ളിയാഴ്ച 22,960ലേക്കും വാരാന്ത്യം 22,840 ലേക്കും ഇടിഞ്ഞു. ഒരു ഗ്രാമിന്റെ വില 2900ൽനിന്ന് 2855 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഒൗണ്സിന് 1293 ഡോളർ.