പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലിലും ശൗചാലയമുറികളിലുമായി ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരില് നിന്നു പണം വാങ്ങി താമസസൗകര്യം നല്കിയ വ്യാപാരിക്കെതിരെ പരാതി.
മകരവിളക്ക് തൊഴാന് സൗകര്യമൊരുക്കാമെന്ന പേരിലാണ് ഇവരെ സന്നിധാനത്തു തങ്ങാന് അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള് നിലനിന്നിരുന്നതിനാല് ഇത്തവണ അയ്യപ്പഭക്തര്ക്ക് സന്നിധാനത്തു താമസസൗകര്യം നല്കിയിരുന്നില്ല.
എന്നാല് അയ്യപ്പഭക്തരില് നിന്ന് 1000 മുതല് 10,000 രൂപവരെ വാങ്ങി താമസിപ്പിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപനമസമിതി സന്നിധാനം യൂണിറ്റ് തന്നെയാണ് പോലീസിനു പരാതി നല്കിയത്.
പരാതിയേ തുടര്ന്ന് ആദ്യം നടപടിക്കു മടിച്ച പോലീസ് പിന്നീട് സമ്മര്ദം ശക്തമായപ്പോള് പരിശോധന നടത്തി. 21 അയ്യപ്പഭക്തരെ ഇത്തരത്തില് ശൗചാലയ മുറികളില് നിന്നടക്കം പുറത്തിറക്കി. ഹോട്ടലില് നിന്നും നാലുപേരെയും കണ്ടെത്തി.
ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില് നിന്നെത്തിയ അയ്യപ്പഭക്തരെയാണ് ഇന്നലെ പുലര്ച്ചെ ഇത്തരത്തില് പറഞ്ഞുവിട്ടത്. അന്വേഷണത്തില് ജയകുമാര് എന്നയാള്ക്ക് തങ്ങള് പണം നല്കിയിട്ടുണ്ടെന്നു വ്യക്തമായി.
സംഭവം വഷളാകുന്നതായി കണ്ടപ്പോള് പണം തിരിച്ചുനല്കി തടിയൂരുകയും ചെയ്തു. ഇതോടെ പോലീസ് കേസും അവസാനിപ്പിച്ചതായി പറയുന്നു.
അയ്യപ്പഭക്തരെ തങ്ങാന് അനുവദിച്ച ഹോട്ടല് ഉടമയ്ക്ക് പോലീസുമായുള്ള ബന്ധമാണ് കേസ് ഇല്ലാതായതിനു പിന്നിലെന്ന് മറ്റു വ്യാപാരികള് ആരോപിച്ചു.
വ്യാപാര സമൂഹത്തിന് അപകീര്ത്തിപരമായ രീതിയില് പെരുമാറിയ ആള്ക്കെതിരെ നടപടി വേണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരാതിയില് പറയുന്നത്.