വിപണി വിശേഷം / കെ.ബി. ഉദയഭാനു
വേനൽമഴയുടെ വരവ് കാർഷിക മേഖലയ്ക്കു പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം പകർന്നു. റിക്കാർഡ് പുതുക്കി ഏലക്ക വീണ്ടും താരമായി. കുരുമുളകു വിലയിൽ നേരിയ മുന്നേറ്റം. ജാതിക്ക വിളവെടുപ്പിന് ഉത്പാദന മേഖല ഒരുങ്ങി. നാളികേരോത്പന്ന വിപണി ചലനരഹിതം. വേനൽമഴ റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ശ്രീലങ്കയിലെ സ്ഫോടനങ്ങൾ ആഭരണ വിപണിയിൽ ചലനമുളവാക്കും.
റബർ
വേനൽ മഴ കാർഷിക മേഖലയ്ക്ക് ആശ്വാസം പകർന്നു. കാലാവസ്ഥ മാറ്റം റബർ മേഖലയിൽ വൻ ആവേശമുയർത്തും. ഈസ്റ്റർ ആഘോഷങ്ങൾക്കുശേഷം വാരമധ്യത്തോടെ കർഷകർ തോട്ടങ്ങളിൽ വീണ്ടും സജീവമാകും. തുടർ മഴ ലഭ്യമായാൽ റബർ ടാപ്പിംഗ് പുനരാരംഭിക്കാനാവും.
ഉത്പാദന മേഖലയിൽ കാര്യമായി ഷീറ്റ് സ്റ്റോക്കില്ല. അതുകൊണ്ടുതന്നെ ടയർ വ്യവസായികൾ നിരക്ക് ഉയർത്തുമെന്നു വിപണി കണക്കു കൂട്ടിയെങ്കിലും ഷീറ്റ് വില ഉയർന്നില്ല. ഇറക്കുമതി നടത്തിയ ഷീറ്റ് ഗോഡൗണിൽ സ്റ്റോക്കുള്ളതിനാൽ മുഖ്യ വിപണികളിൽ ടയർ വ്യവസായികൾ സജീവമല്ല. ടയർ നിർമാതാക്കൾ ആർ എസ് എസ് നാലാം ഗ്രേഡ് റബർ 12,800 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 12,600 രൂപയ്ക്കും വിപണനം നടത്തി.
ഏലം
ഏലക്കയുടെ വിലക്കയറ്റവും മഴയുടെ വരവും കണക്കിലെടുത്താൽ ഈവാരംതന്നെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കൃഷിപ്പണികൾക്കു തുടക്കം കുറിക്കാൻ ഇടയുണ്ട്. ഏലക്ക ചരിത്രനേട്ടം സ്വന്തമാക്കിയ ആവേശത്തിലാണ് കർഷകർ. ലേലത്തിൽ റിക്കാർഡ് വിലയായ 2127 (കിലോയ്ക്ക് )രൂപയിൽ കൈമാറ്റം നടന്നു.
ആഭ്യന്തര – വിദേശ വ്യാപാരികൾ ലേലത്തിൽ മത്സരിച്ച് ഏലക്ക വാങ്ങി. റംസാനു മുന്നോടിയായി നോന്പു കാലത്തെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരിക്കുന്ന തിരക്കിലാണ് ഗൾഫ് രാജ്യങ്ങൾ.
സൗദി അറേബ്യ, കുവൈറ്റ് എന്നിവടങ്ങളിൽനിന്ന് ഇന്ത്യൻ ഏലക്കയ്ക്ക് ആവശ്യക്കാരുണ്ട്. കയറ്റുമതിക്കാർ വലിപ്പം കൂടിയ ഇനങ്ങളിൽ താത്പര്യം വരും ദിനങ്ങളിലും നിലനിർത്താം. ലേലത്തിന് ഏലക്ക വരവ് കുറവാണെങ്കിലും വേനൽമഴ തുടർച്ചയായി ലഭ്യമായാൽ സ്റ്റോക്കിസ്റ്റുകൾ ഏലക്ക വില്പനയ്ക്ക് ഇറക്കും.
കുരുമുളക്
ഉത്സവവേളയിലും കാർഷികമേഖല വൻതോതിൽ കുരുമുളക് ഇറക്കുമെന്ന് വ്യാപാര രംഗം കണക്കുകൂട്ടിയെങ്കിലും ലഭ്യത ഉയരാഞ്ഞതു വാങ്ങലുകാരെ വില ഉയർത്താൻ പ്രേരിപ്പിച്ചു. വിഷു-ഈസ്റ്റർ വേളയിൽ കനത്ത തോതിൽ ചരക്കു വിൽപനയ്ക്ക് എത്തുമെന്ന നിഗമനത്തിൽ കാത്തിരുന്നവർ ഒടുവിൽ വില ഉയർത്തി. 31,100 രൂപയിൽനിന്ന് അൺ ഗാർബിൾഡിന് വാരാന്ത്യം 31,400 രൂപയായി.
കനത്ത പകൽ ചൂടും വരണ്ട കാലാവസ്ഥയും കണക്കിലെടുത്താണു കർഷകർ വില്പനയിൽനിന്ന് പിൻവലിഞ്ഞത്. ഇതിനിടയിൽ വാരമധ്യം വേനൽ മഴയുടെ വരവ് തോട്ടം മേഖലയ്ക്കു കുളിരു പകർന്നെങ്കിലും സ്റ്റോക്കിസ്റ്റുകൾ ഉത്പന്നത്തിൽ പിടിമുറുക്കാനാണു സാധ്യത.
രാജ്യാന്തര മാർക്കറ്റിൽ മലബാർ കുരുമുളകിനു വില ടണ്ണിന് 5300 ഡോളർ.
ജാതിക്ക
ഔഷധ- കറിമസാല വ്യവസായികൾ ജാതിക്ക വരവിനെ ഉറ്റുനോക്കുന്നു. അടുത്ത മാസം മധ്യകേരളത്തിലെ തോട്ടങ്ങളിൽ ജാതിക്ക വിളവെടുപ്പ് ഊർജിതമാകും. ഉയർന്ന പകൽ താപനിലയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ പല തോട്ടങ്ങളിലും ജാതിക്ക വൻതോതിൽ കൊഴിഞ്ഞു വീണത് ഉത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് കുത്തനെ കുറയ്ക്കാം.
ആഭ്യന്തര ഡിമാൻഡ് മുന്നിൽക്കണ്ടു ശ്രീലങ്കൻ ജാതിക്ക ഇറക്കുമതി നടന്നതായി സൂചനയുണ്ട്. ശ്രീലങ്കൻ ജാതിക്കവില ഇന്ത്യൻ നിരക്കിനെക്കാൾ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നാടൻ ജാതിക്ക കിലോ 220‐260 രൂപയിലും ജാതി പരിപ്പ് 425‐450 രൂപയിലുമാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ വർധന. ഉത്സവവേളയിൽ മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണ വില്പന ഉയർന്നില്ല.
കൊച്ചിയിൽ വെളിച്ചെണ്ണ 14,600 ലും കൊപ്ര 9665 രൂപയിലുമാണ്. തമിഴ്നാട്ടിലെ മില്ലുകാർ എണ്ണ നീക്കം നിയന്ത്രിച്ചാൽ വിലയിൽ ഉണർവു പ്രതീക്ഷിക്കാം.
സ്വർണം
സ്വർണ വില താഴ്ന്നു. ആഭരണ വിപണികളിൽ പവൻ 23,720 രൂപയിൽനിന്ന് 23,480 രൂപയായി. ഒരു ഗ്രാമിന് വില 2935 രൂപ. ശ്രീലങ്കയിലെ സ്ഫോടനങ്ങൾ ഏഷ്യൻ മാർക്കറ്റിൽ സ്വർണ വില ഉയർത്താൻ ഇടയുണ്ട്. രാജ്യാന്തര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 1275 ഡോളർ.