മുംബൈ: മാർച്ചിൽ ഇന്ത്യൻ വ്യാവസായിക ഉത്പാദനത്തോത് കുറഞ്ഞതായി സർവേ ഫലം. നിക്കൈ ഇന്ത്യ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഫെബ്രുവരിയിൽ 52.1 ആയിരുന്നു. മാർച്ചിൽ അത് 51 ആയി താണു. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും മോശം വളർച്ചത്തോതാണ് ഇതിൽ കാണുന്നത്.
തുടർച്ചയായ എട്ടാം മാസവും പിഎംഐ 50നു മുകളിലാണ്. (50നു മുകളിലായാൽ ഉത്പാദനവളർച്ച ഉണ്ട്; കുറവായാൽ ഉത്പാദന തളർച്ച). എന്നാൽ, വളർച്ചയുടെ തോതിൽ കാര്യമായ ഇടിവുണ്ട്.
ഇതോടൊപ്പമുള്ള തൊഴിൽ സർവേ കാണിച്ചത് മാർച്ചിൽ തൊഴിൽവളർച്ച ഉണ്ടായില്ലെന്നാണ്. ഫാക്ടറികളിൽ ഉത്പാദനശേഷി മുഴുവൻ ഉപയോഗിക്കുന്നില്ല.
സർവേകളുടെ അടിസ്ഥാനത്തിൽ 2017-18ലെ സാന്പത്തിക (ജിഡിപി) വളർച്ചയുടെ പ്രതീക്ഷ 7.3 ശതമാനത്തിലേക്കു താഴ്ത്തിയിട്ടുണ്ട്.