മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ ബുൾതരംഗം തുടരുന്നു. ഓഹരിസൂചികകൾ ഇന്നലെ പുതിയ റിക്കാർഡുകളിലേക്കു കുതിച്ചു. സെൻസെക്സ് 1.6 ശതമാനവും നിഫ്റ്റി 1.7 ശതമാനവുമാണു കയറിയത്.
ഇന്ത്യൻ ഓഹരിവിലകൾ അമിതമാണെന്നു പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കന്പോളം അതിനു ചെവികൊടുക്കുന്നില്ല. ഇനി വരാനിരിക്കുന്നത് ഉയർന്ന ലാഭവർധനയുടെയും സാന്പത്തികവളർച്ചയുടെയും കാലമാണെന്നാണു വ്യാഖ്യാനം.
സെൻസെക്സ് 448.39 പോയിന്റ് കയറി 30,750.03ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇതാദ്യമായി 9,500നു മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. 149.2 പോയിന്റ് ഉയർന്ന നിഫ്റ്റി 9,509.75ലാണു ക്ലോസ് ചെയ്തത്.നിഫ്റ്റി സ്മോൾ കാപ് 2.92 ശതമാനവും മിഡ്കാപ് 1.31 ശതമാനവും കയറി. ബാങ്ക് നിഫ്റ്റി റിക്കാർഡ് ഉയരം കുറിച്ചു.
അമേരിക്കൻ ഫെഡറൽ റിസർവ് (ഫെഡ്) പലിശ കൂട്ടുന്ന കാര്യത്തിൽ മെല്ലെപ്പോക്കിന്റെ സൂചന നല്കിയത് വിദേശനിക്ഷേപകരെ വീണ്ടും ഇന്ത്യൻ ഓഹരികളിലേക്കു തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ വിദേശനിക്ഷേപസ്ഥാപനങ്ങൾ വില്പനക്കാരായിരുന്നു. ഇന്നലെ അവരുടെ നിലപാട് മാറിയതു കന്പോളത്തെ ഉത്സാഹിപ്പിച്ചു.
ആഗോള കന്പോളങ്ങളും ഉയർച്ചയിലായിരുന്നു.രൂപയും ഓഹരികളുടെ പിന്നാലെ കയറി. ഇന്നലെ ഡോളറിനു 12 പൈസ ഇടിവുണ്ടായി.ഫെഡ് പലിശ ഉടനെ കൂട്ടില്ലെന്ന സൂചനയാണു രൂപയെ സഹായിച്ചത്.