ഓഹരി അവലോകനം / സോണിയ ഭാനു
വിദേശനിക്ഷേപത്തിന്റെ തിളക്കത്തിൽ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽകൂടി റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. സെൻസെക്സ് 30,712ലേക്കും നിഫ്റ്റി 9533ലേക്കും ഉയർന്നു. വാരാന്ത്യം ബിഎസ്ഇ 277 പോയിന്റും നിഫ്റ്റി 27 പോയിന്റും മികവിലാണ്. രണ്ടാഴ്ചകളിൽ സെൻസെക്സ് 606 പോയിന്റും നിഫ്റ്റി 142 പോയിന്റും മുന്നേറി.
സാങ്കേതികമായി വിപണി ഓവർ ഹീറ്റെങ്കിലും വിദേശനിക്ഷേപ കരുത്തിൽ ഇൻഡക്സുകൾ പുതിയ ഉയരങ്ങൾ താണ്ടി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ഈ വാരം മേയ് സീരീസ് സെറ്റിൽമെന്റാണ്. ഓട്ടോമൊബൈൽ, ബാങ്കിംഗ് ഓഹരികളിൽ റോൾഓവറിന് നീക്കം പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക 50 ഡിഎംഎയേക്കാൾ മുകളിൽ സഞ്ചരിക്കുന്നത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തുന്നു. നിഫ്റ്റിയുടെ 50 ഡിഎംഎ 9213 പോയിന്റിലാണ്.
പോയ വാരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 9,533 വരെ നിഫ്റ്റി എത്തി. എന്നാൽ, മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 9,553 പോയിന്റ് മറികടക്കാനായില്ല. ലാഭമെടുപ്പിൽ നിഫ്റ്റി 9,397ലേക്ക് തിരുത്തൽ കാഴ്ചവച്ചെങ്കിലും വാരാന്ത്യം 9,427ലാണ്.
ഈ വാരം നിഫ്റ്റിക്ക് 9,507ൽ ആദ്യതടസം നേരിടാം. ഇതു മറികടക്കാനായില്ലെങ്കിൽ 9,371-9,316ലേക്ക് സാങ്കേതിക തിരുത്തലിനു വിപണി ശ്രമിക്കും. എന്നാൽ, ആദ്യപ്രതിരോധം ഭേദിച്ചാൽ ലക്ഷ്യം 9,588-9,643ലേക്കു തിരിയും. മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എ ആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ തിരുത്തലിനുള്ള സാധ്യതകൾ സൂചിപ്പിക്കുന്പോൾ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ന്യൂട്ടറൽ റേഞ്ചിലാണ്.
ബോംബെ സെൻസെക്സ് 30,368-30,712 പോയിന്റിൽ കയറിയിറങ്ങി. വാരാവസാനം 30,464 പോയിന്റിൽ നിലകൊള്ളുന്ന സൂചികയുടെ ആദ്യ സപ്പോർട്ട് 30,317ലാണ്. ഇതു നിലനിർത്തിയാൽ 30,661-30,858ലേക്ക് ചുവടുവയ്ക്കാനാവും. മികവിന് അവസരം ലഭ്യമായില്ലെങ്കിൽ 30,170-29,973 റേഞ്ചിലേക്ക് തിരുത്തൽ പ്രതീക്ഷിക്കാം.
ബിഎസ്ഇ സ്മോൾ ക്യാപ് ഇൻഡക്സ് 301 പോയിന്റ് ഇടിഞ്ഞ് 15,227ലും മിഡ് ക്യാപ് ഇൻഡക്സ് 210 പോയിന്റ് താഴ്ന്ന് 14,644ലും ക്ലോസിംഗ് നടന്നു. അതേസമയം, ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് 11.30ലേക്ക് താഴ്ന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്താം.
മുൻനിരയിലെ 30 ഓഹരികളിൽ 15 എണ്ണം മികവു കാണിച്ചപ്പോൾ 15 ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. എഫ്എംസിജി, മെറ്റൽ, ബാങ്കിംഗ്, ടെക്നോളജി വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ദൃശ്യമായി. എന്നാൽ, കണ്സ്യൂമർ ഗുഡ്സ്, കാപ്പിറ്റൽ ഗുഡ്സ്, റിയാലിറ്റി, പവർ, ഓട്ടോമൊബൈൽ വിഭാഗങ്ങൾ തളർന്നു.
ബിഎസ്ഇയിൽ 23,712.19 കോടി രൂപയുടെയും എൻഎസ്ഇയിൽ 1,30,929.07 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് 18,690.45 കോടി രൂപയും 1,20,528.88 കോടി രൂപയുമായിരുന്നു.
ഫോറെക്സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറിനു മുന്നിൽ രൂപയുടെ വിനിമയനിരക്ക് ചാഞ്ചാടി. ഒരവസരത്തിൽ 63.90ലേക്ക് നീങ്ങി 21 മാസത്തിനിടയിലെ മികച്ച നിലവാരം ദർശിച്ച ശേഷം 65.15ലേക്ക് ദുർബലമായി. ക്ലോസിംഗിൽ രൂപ 64.55ലാണ്. വിദേശഫണ്ടുകൾ പിന്നിട്ടവാരം 1962.92 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
ഏഷ്യൻ ഇൻഡക്സുകൾ വാരാവസാനം നേട്ടത്തിലാണ്. ഓട്ടോമൊബൈൽ മേഖലയിലെ ഉണർവ് യൂറോപ്യൻ ഇൻഡക്സുകൾക്കു തിളക്കം സമ്മാനിച്ചു. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകളിൽ ശക്തമായ നിലയിലാണ്. യുഎസ് -സൗദി ആയുധ കരാർ അമേരിക്കൻ വിപണിയിൽ വീണ്ടും ഒരു കുതിപ്പിന് അവസരമൊരുക്കാം. അതേസമയം യുഎസ് ഡോളർ ഇൻഡക്സ് തളർച്ചയിലാണ്. മാസാരംഭത്തിൽ 99 റേഞ്ചിൽ നീങ്ങിയ ഡോളർ ഇൻഡക്സ് 97.03ലേക്ക് താഴ്ന്നു. സാങ്കേതികമായി വീക്ഷിച്ചാൽ ദുർബലാവസ്ഥ തുടരാം.