ഓഹരി അവലോകനം / സോണിയ ഭാനു
പഞ്ചനക്ഷത്രത്തിളക്കവുമായി തുടർച്ചയായ അഞ്ചാം വാരവും ഇന്ത്യൻ ഓഹരി സൂചികകൾ മുന്നേറി. വിദേശഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയെങ്കിലും ആഭ്യന്തരഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മികവും ആർബിഐ പലിശനിരക്കിൽ വരുത്തിയ ഭേദഗതികളും ഓഹരിസൂചികയിലെ കുതിപ്പിനു മാറ്റു കൂട്ടി. സെൻസെക്സ് പതിനഞ്ച് പോയിന്റും നിഫ്റ്റി 51 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. ബോംബെ സൂചിക അഞ്ചാഴ്ചകൊണ്ട് 1403 പോയിന്റ് ഉയർന്നു.
ഇന്ത്യൻ-അമേരിക്കൻ മാർക്കറ്റുകൾ ഒപ്പത്തിനൊപ്പം ചുവടുവയ്ക്കുകയാണ്. തൊഴിൽമേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾ യുഎസിൽ ഡൗ ജോണ്‍സ് സൂചികയെ എട്ടാം വാരവും ഉയർത്തി. ഡൗ സൂചിക നവംബറിനു ശേഷം ഇതിനകം 23 ശതമാനം വർധിച്ച് 22,092 പോയിന്റിലെത്തി. പുതിയ പ്രസിഡന്റിന്റെ വരവാണ് യുഎസിൽ നിക്ഷേപതാത്പര്യം ഉയർത്തിയത്. ഡൗ ജോണ്‍സ് സൂചിക 33 തവണ 2017ൽ റിക്കാർഡ് പുതുക്കി.
നിഫ്റ്റി സൂചിക ഈ കാലയളവിൽ 20 ശതമാനത്തിലധികം ഉയർന്നു. ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്സ് 11.33ലാണ്. നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാൻ സൂചിക 11ലേക്ക് അടുക്കാം. യുഎസിൽ സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് 10.03ൽനിന്ന് 9.57ലേക്ക് സഞ്ചരിക്കാനുള്ള ശ്രമത്തിലാണ്.
പ്രതീക്ഷിച്ചപോലെ വാരത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ മാർക്കറ്റ് മികവുകാണിച്ചെങ്കിലും ബുധനാഴ്ച ഓപ്പറേറ്റർമാർ ലാഭമെടുപ്പിനിറങ്ങിയത് പ്രമുഖ സൂചികകളെ തളർത്തി. വെള്ളിയാഴ്ച ഇടപാടുകളുടെ രണ്ടാം പകുതിയിൽ തളർച്ചയിൽനിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ നിഫ്റ്റി 9,988ൽനിന്ന് 10,066ലേക്ക് കയറി.
കാര്യമായ സാങ്കേതിക തിരുത്തലുകൾക്ക് അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 9,952ലെ സപ്പോർട്ട് നിലനിർത്തി. ഈ വാരം നിഫ്റ്റിക്ക് ആദ്യപ്രതിരോധം 10,140ലാണ്. ഇതു മറികടക്കാനാൽ 10,214-10,290നെ ലക്ഷ്യമാക്കാം. വീണ്ടും സാങ്കേതിക തിരുത്തലിനു നീക്കം നടന്നാൽ ആദ്യ സപ്പോർട്ട് 9,990ലാണ്. ഈ താങ്ങ് നഷ്ടപ്പെട്ടാൽ നിഫ്റ്റി 9,914-9,840ലേക്ക് തിരുത്തൽ തുടരാം.
നിഫ്റ്റി 50 ഡിഎംഎയായ 9,746നേക്കാൾ ഏറെ മുകളിലാണ്. വീക്ക്ലി ചാർട്ടിൽ സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ടാണ്. പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രെൻഡിലും.
ബോംബെ സെൻസെക്സ് വാരത്തിന്റെ ആദ്യപകുതിയിൽ 32,686 പോയിന്റ് വരെ മുന്നേറിയതിനിടെ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിനിറങ്ങിയത് സൂചികയെ 32,108ലേക്ക് താഴ്ത്തി. തളർച്ചയ്ക്കിടെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രാദേശികനിക്ഷേപകരും രംഗത്തെത്തിയത് വാരാന്ത്യം സൂചികയെ 32,325ൽ എത്തിച്ചു. ഈ വാരം ആദ്യ പ്രതിരോധം 32,638ലാണ്.
ഇതു മറികടന്നാൽ സെൻസെക്സ് 32,951ലേക്ക് ഉയരുമെങ്കിലും ഈ റേഞ്ചിൽ വീണ്ടും തടസം അനുഭവപ്പെടാം. സൂചികയുടെ തേഡ് റെസിസ്റ്റൻസ് 33,216ലാണ്. അതായത്, 800 പോയിന്റ് ബുൾറാലിക്ക് സാധ്യത കുറവായതിനാൽ വീണ്ടും തിരുത്തൽ പ്രതീക്ഷിക്കാം. സാങ്കേതികതിരുത്തലുണ്ടായാൽ 32,060-31,795ൽ സപ്പോർട്ടുണ്ടെങ്കിലും വില്പന തരംഗം ഉടലെടുത്താൽ 31,482 വരെ പരീക്ഷണം നടത്താം.
ആർബിഐ റിപ്പോ റേറ്റ് 25 ബേസിസ് പോയിന്റ് കുറച്ച് ആറു ശതമാനമാക്കി. ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പത്തു മാസത്തിനിടയിൽ ആദ്യമാണ് കേന്ദ്രബാങ്ക് പലിശ കുറയ്ക്കുന്നത്. വർഷാന്ത്യത്തിനു മുന്‍പായി റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താം.
ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനത്തിലുടെ ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ മികവ് കാണിച്ചു. ഒരാഴ്ചകൊണ്ട് രൂപ 57 പൈസ കയറി. 63.61ൽ നിലകൊള്ളുന്ന രൂപ 2015 ജൂലൈ 25നു ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലാണ്. വാരാരംഭത്തിൽ രൂപ 64.12ൽനിന്ന് 64.25ലേക്ക് ദുർബലമായശേഷമാണ് തിരിച്ചുവരവ് ആഘോഷിച്ചത്. നാലാഴ്ചകൊണ്ട് രൂപയുടെ മൂല്യം 102 പൈസ ശക്തിപ്രാപിച്ചു. ഒരു വർഷംകൊണ്ട് രൂപയുടെ മൂല്യത്തിൽ 434 പൈസയുടെ നേട്ടം. അതായത്, 6.39 ശതമാനം.
വിദേശഫണ്ടുകൾ അഞ്ചാഴ്ചകളിൽ നിക്ഷേപത്തിന് ഉത്സാഹിച്ച ശേഷം പിന്നിട്ടവാരം അവർ ബ്ലൂ ചിപ്പ് ഓഹരികൾ വിറ്റു. 23,638 കോടി ഡോളറാണ് അവർ ഇന്ത്യൻ മാർക്കറ്റിൽനിന്ന് പിൻവലിച്ചത്.
കണ്‍സ്യൂമർ ഡ്യൂറബിൾ, ഓയിൽ ആൻഡ് ഗ്യാസ്, സ്റ്റീൽ, ഓട്ടോമൊബൈൽ, പവർ, റിയാലിറ്റി, ബാങ്കിംഗ്, ഐടി ഇൻഡക്സുകൾ തിളങ്ങിയപ്പോൾ എഫ്എംസിജി, ഹെൽത്ത്കെയർ ഇൻഡക്സുകൾക്കു തളർച്ച. മുൻനിരയിലെ പത്ത് കന്പനികളിൽ ഏഴെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 40,799.71 കോടി രൂപയുടെ വർധന. ആർഐഎൽ എറ്റവും മികച്ചനേട്ടം സ്വന്തമാക്കി.
ജനുവരിയിൽ 103ൽ നിലകൊണ്ട യുഎസ് ഡോളർ ഇൻഡക്സ് ഇപ്പോൾ 93ലാണ്. എഴുമാസം കൊണ്ട് സൂചിക പത്തു ശതമാനം ഇടിഞ്ഞു. ഡോളറിന്റെ തളർച്ചയിൽ ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകൾ മികവു കാണിച്ചു. ഇന്ത്യക്കു പുറമേ ഹോങ്കോംഗ്, കൊറിയ, സിംഗപ്പൂർ മാർക്കറ്റുകളിലും വിദേശ നിക്ഷേപം വർധിച്ചു.