മുംബൈ: വിദേശനിക്ഷേപ സ്ഥാപനങ്ങൾ പണം പിൻവലിക്കൽ തുടർന്നതോടെ ഓഹരിവിലകൾ വീണ്ടും ഇടിഞ്ഞു. ഇന്നലെ സെൻസെക്സ് 450 പോയിന്റ് വരെ താണശേഷം 295.81 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 91.8 പോയിന്റ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് വിദേശനിക്ഷേപകർ 17,132 കോടി രൂപയാണ് പിൻവലിച്ചത്. ഇന്ത്യൻ നിക്ഷേപ സ്ഥാപനങ്ങൾ ഇതേ കാലയളവിൽ നടത്തിയ 25,500 കോടി രൂപയുടെ ഓഹരിവാങ്ങൽ ആണ് സൂചികകളെ ഇത്രകാലവും താങ്ങിനിർത്തിയത്.
എന്നാൽ വെള്ളിയാഴ്ചയും ഇന്നലെയുമായി 750 പോയിന്റോളം താഴ്ച സെൻസെക്സിനുണ്ടായി. നിഫ്റ്റിയും ആനുപാതികമായി താണു. ഇതുവരെ സൂചികകൾ രണ്ടര ശതമാനമാണ് താണത്. കുറേക്കൂടി തിരുത്തൽ ഉണ്ടാകുമെന്നാണു നിഗമനം.കന്പനികൾ പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല എന്നതും ജിഡിപി വളർച്ച മന്ദഗതിയിലായതുമാണ് വിദേശികളെ അലട്ടുന്നത്.
ബ്രസീൽ ഒഴികെയുള്ള വികസ്വരരാജ്യങ്ങളിലെല്ലാം ഓഹരി സൂചികകൾ കീഴോട്ടാണ്. ഓഗസ്റ്റ് ഒന്നു മുതലുള്ള കാലയളവിൽ ബ്രസീലിന്റെ ബോവെസ്പ സൂചിക 13 ശതമാനം കയറി.