മുംബൈ/ലണ്ടൻ: റഷ്യൻ പിന്തുണയുള്ള സിറിയൻ ഭരണകൂടത്തിനുനേരേ മിസൈലുകൾ പ്രയോഗിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണി കന്പോളങ്ങളെ ഉലച്ചു. ക്രൂഡ് ഓയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി. സ്വർണത്തിന്റെ രാജ്യാന്തര വില കുതിച്ചു.
അമേരിക്കൻ മിസൈലുകളെ തകർക്കുമെന്നു റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു. 1962-ലെ ക്യൂബൻ പ്രതിസന്ധിക്കു സമാനമായ ഒരു സാഹചര്യമാണു ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സിറിയൻ സ്വേച്ഛാധിപതി ബഷർ അൽ അസദും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച 67 ഡോളറായിരുന്നു ഒരു വീപ്പ ബ്രെന്റ് ക്രൂഡ് ഓയിലിന്. ചൊവ്വാഴ്ച അത് 70 ഡോളറായി. ഇന്നലെ യുഎസ് വിപണി തുടങ്ങുംമുന്പ് 72 ഡോളറിലെത്തി. സിറിയൻ സ്ഥിതിവിശേഷം അനുസരിച്ചാകും ക്രൂഡ് വിലയുടെ ഗതി.
സ്വർണം ഔൺസിന് (31.1 ഗ്രാം) 1340 ഡോളറായിരുന്നു ഏഷ്യൻ വിപണി തുടങ്ങിയപ്പോൾ വില. പക്ഷേ ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ വില കുതിച്ചുകയറി. ട്രംപിന്റെ ട്വീറ്റ് കഴിഞ്ഞ് അരമണിക്കൂറിനകം 1360 ഡോളർ മറികടന്നു. സുരക്ഷിതനിക്ഷേപം എന്ന പരിഗണനയിൽ സ്വർണത്തിലേക്കു നിക്ഷേപകർ തിരിയും എന്നാണു കണക്കുകൂട്ടൽ.
സിറിയൻ സ്ഥിതി രൂപയെയും ബാധിച്ചു. ക്രൂഡ് വില കൂടുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി കൂട്ടും. ഈ സാഹചര്യത്തിൽ ഇന്നലെ വൈകുന്നേരം ഡോളറിനു 32 പൈസ കയറി 65.31 രൂപയായി. രാത്രി ഊഹക്കച്ചവടത്തിൽ ഡോളർ 66 രൂപയിലേക്ക് അടുത്തിട്ടുണ്ട്.
ഓഹരി വിപണി ഇന്നലെ നേരിയ മേഖലയിൽ കയറിയിറങ്ങി. ക്രൂഡ് വിലക്കയറ്റം ബാങ്ക് ഓഹരികൾക്കു ക്ഷീണമായി. വിലക്കയറ്റം വർധിച്ചാൽ പലിശനിരക്ക് കൂടും; അതു കടപ്പത്രവില താഴ്ത്തും; കടപ്പത്രനിക്ഷേപത്തിൽ നഷ്ടം വരും. ഇതാണു ബാങ്ക് ഓഹരികൾ താഴാൻ കാരണം.