വിയന്ന: പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന (ഒപെക്) എണ്ണ ഉത്പാദന നിയന്ത്രണം നീട്ടുന്ന കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും.ഒന്പതു മാസംകൂടി (2018 മാർച്ച് 31 വരെ) നീട്ടണമെന്നാണ് ഒപെകിനെ നയിക്കുന്ന സൗദി അറേബ്യയും ഒപെകിൽ ഇല്ലാത്ത റഷ്യയും ഏതാനും ദിവസം മുന്പു ധാരണയുണ്ടാക്കിയത്. ഒപെക് യോഗത്തിൽ ഈ ധാരണയ്ക്ക് എതിർപ്പുണ്ടാകില്ലെന്നാണു പ്രതീക്ഷ.
ക്രൂഡ്ഓയിൽ വില ഉയർത്തിനിർത്താനാഗ്രഹിച്ചാണ് സൗദി അറേബ്യ ഉത്പാദനം കുറയ്ക്കലിനു നേതൃത്വം നൽകുന്നത്. എന്നാൽ, ഉത്പാദനം കുറയ്ക്കൽ ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഒപെകിലുള്ള ഇറാനും ഒപെകിൽ ഇല്ലാത്ത അമേരിക്കയും ഉത്പാദനം കൂട്ടിയതാണു കാരണം.
അമേരിക്കയുടെ ഷെയ്ൽ വാതക ഉത്പാദനം ഇപ്പോൾ റിക്കാർഡ് നിലവാരത്തിലാണ്. ഒരു വീപ്പ ക്രൂഡിന് 35 ഡോളറായാലും ഷെയ്ൽ ഉത്പാദനം ലാഭകരമാകുന്ന നിലവന്നു. ഇതുവന്നതോടെ ഹൊറിസോണ്ടൽ ഫ്രാക്കിംഗ് നടത്തി ഷെയ്ൽ വാതകം ഉത്പാദിപ്പിക്കുന്നതു കൂട്ടി.
ഒപെക് ഉത്പാദന നിയന്ത്രണം നീട്ടിയാലും ക്രൂഡ് ഓയിൽ വിലയിൽ വരാവുന്ന മാറ്റം ചെറുതായിരിക്കുമെന്നു നിരീക്ഷകർ കരുതുന്നു. വലിയ കയറ്റം വരണമെങ്കിൽ മറ്റേതെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകണം.
ക്രൂഡ് ഓയിൽ ഉത്പാദന നിയന്ത്രണം ഒന്പതു മാസം നീട്ടുമെന്ന പ്രതീക്ഷയിൽ ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് 55 ഡോളറിലേക്ക് അടുത്തു. ബാങ്കോക്ക് വിപണിയിൽ റബർവിലയും ഇതിന്റെ ചുവടുപിടിച്ചു കയറി. ബാങ്കോക്കിൽ മാസാരംഭത്തിലുണ്ടായിരുന്ന വിലയേക്കാൾ കൂടുതലാണ് ചൊവ്വാഴ്ച മുതലുള്ള വില.