മുംബൈ: രൂപയ്ക്കു 2018ൽ 9.23 ശതമാനം താഴ്ച. ഓഹരികൾക്കു തുടർച്ചയായ മൂന്നാം വർഷവും നേട്ടം കുറിക്കാനായെങ്കിലും നേട്ടം വളരെ ചെറുതായി.
ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് 2017 ഡിസംബർ 31നെ അപേക്ഷിച്ച് 9.23 ശതമാനം താഴ്ന്നു. ഡോളർ വില 73.87 രൂപയിൽനിന്ന് 69.77 രൂപയായി. 5.09 രൂപ കൂടുതൽ. ഒരിടയ്ക്ക് 74 രൂപവരെ എത്തിയതാണു ഡോളർ. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് രൂപയ്ക്കു സഹായകമായത്. ഒക്ടോബറിൽ വീപ്പയ്ക്ക് 86.56 ഡോളർവരെ ഉയർന്ന ക്രൂഡ് വില ഇപ്പോൾ 54 ഡോളറിനു സമീപമാണ്.
സെൻസെക്സും നിഫ്റ്റിയും ഇന്നലെ കയറിയിറങ്ങിയശേഷം ചെറിയ മാറ്റങ്ങളോടെ ക്ലോസ് ചെയ്തു. സെൻസെക്സിന് 2018ൽ 2011 പോയിന്റ് (5.9 ശതമാനം) കയറ്റമാണുള്ളത്. 2017ൽ 28 ശതമാനം കുതിപ്പു കാണിച്ചിരുന്നു. 2016ൽ രണ്ടു ശതമാനമേ നേട്ടമുണ്ടായുള്ളൂ.
നിഫ്റ്റി 2018ൽ 332 പോയിന്റ് (3.2 ശതമാനം) നേട്ടമുണ്ടാക്കി. 2017ൽ 28.5 ശതമാനവും 2016ൽ മൂന്നു ശതമാനവുമായിരുന്നു നേട്ടം.
സൂചികയിൽ നേട്ടമുണ്ടെങ്കിലും നിക്ഷേപകസന്പത്ത് കുറഞ്ഞു. മൊത്തം ഓഹരികളുടെ വിപണിമൂല്യം 7.25 ലക്ഷം കോടി രൂപ കുറഞ്ഞു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികൾക്കും കൂടി 1,44,48,465.69 കോടി രൂപയാണ് ഇന്നലെ ക്ലോസിംഗ് സമയത്തെ വില.