ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യത്തു നാണ്യപ്പെരുപ്പം കൂട്ടുന്നു. മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 5.25 ശതമാനത്തിലേക്കു കയറി. 2014 ജൂലൈക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. കഴിഞ്ഞവർഷം ജനുവരിയിൽ സൂചിക 1.07 ശതമാനം താണ സ്ഥാനത്താണ് ഈ കയറ്റം.
ജനുവരിയിലെ ചില്ലറവില ആധാരമാക്കിയുള്ള വിലക്കയറ്റം അഞ്ചുവർഷത്തെ താണനിലയായ 3.17 ശതമാനത്തിൽ എത്തിയപ്പോഴാണ് മൊത്തവിലയിലെ ഈ കയറ്റം. ചില്ലറവില സൂചികയിലും ഭക്ഷ്യവസ്തുക്കൾ മാറ്റിനിർത്തിയാൽ അഞ്ചുശതമാനത്തിനടുത്തു വിലക്കയറ്റം ഉണ്ടായിരുന്നു.
നവംബറിൽ 3.38 ശതമാനവും ഡിസംബറിൽ 3.39 ശതമാനവും ആണു മൊത്തവില സൂചികയിലെ കയറ്റം.ഇന്ധനം, വൈദ്യുതി എന്നിവയുടെ വിഭാഗത്തിലാണു വലിയ കയറ്റം. (18.14 ശതമാനം) തലേമാസം ഇത് 8.65 ശതമാനമായിരുന്നു. ഡീസലിൽ 31.1 ശതമാനവും പെട്രോളിൽ 15.66 ശതമാനവുമാണ് തലേ ജനുവരിയെ അപേക്ഷിച്ചുള്ള വർധന.
ഭക്ഷ്യവിലകൾ തുടർച്ചയായ രണ്ടാംമാസവും കുറഞ്ഞു. ഡിസംബറിൽ 0.7 ശതമാനം കുറഞ്ഞതു ജനുവരിയിൽ 0.56 ശതമാനം കുറവായി.പച്ചക്കറിവില 32.32 ശതമാനം ഇടിഞ്ഞു. പയറുവർഗങ്ങളുടെ വിലക്കയറ്റം ഡിസംബറിലെ 18.12-ൽനിന്ന് ജനുവരിയിൽ 6.21 ശതമാനമായി. തലേമാസം 26.26 ശതമാനം കയറിയ ഉരുളക്കിഴങ്ങു വില 0.2 ശതമാനം കുറഞ്ഞു. പഞ്ചസാരവില 22.83 ശതമാനവും നാരുകൾ 15.18 ശതമാനവും ധാതുക്കൾ 25.44 ശതമാനവും കയറി.
മൊത്തവില സൂചികയിലെ കയറ്റം രാജ്യത്തെ വിലക്കയറ്റം കുറേക്കാലം കൂടി ഉയർന്നതോതിൽ തുടരുമെന്ന് സൂചിപ്പിക്കുന്നു. പലിശനിരക്ക് കുറയ്ക്കുന്നതിനു പകരം കൂട്ടാൻ റിസർവ് ബാങ്ക് മുതിരുമോ എന്നാണറിയേണ്ടത്. കറൻസി നിരോധനം മൂലം പച്ചക്കറികൾക്കും പയറുവർഗങ്ങൾക്കും വില കുത്തനേ ഇടിഞ്ഞിരുന്നില്ലെങ്കിൽ മൊത്ത വിലക്കയറ്റം ഏഴു ശതമാനത്തിനടുത്ത് എത്തുമായിരുന്നു.