നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 2016-17 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2017 ജൂലൈ 31 ആണ്. ശന്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാര സ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും 31ന് മുന്‍പ് റിട്ടേണ്‍ സമർപ്പിക്കണം.
റിട്ടേൺ പരിഷ്കാരം
ഈ വർഷം ആദായനികുതി റിട്ടേണുകളിൽ ചില പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. ഒറ്റ പേജുള്ള ഐടിആർ 1 (സഹജ്), നിലവിലുണ്ടായിരുന്ന ആകെ റിട്ടേണുകളുടെ എണ്ണം ഒന്‍പതിൽനിന്ന് ഏഴ് ആയി ചുരുക്കൽ, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഐടിആർ 2, ഐടിആർ 2എ, ഐടിആർ 3 എന്നിവ പരിഷ്കരിച്ച് ഐടിആർ 2 മാത്രമാക്കൽ, ഐടിആർ 4, ഐടിആർ 4എസ്(സുഗം) എന്നിവ യഥാക്രമം ഐടിആർ 3 ആയും ഐടിആർ 4 ആയുമുള്ള മാറ്റങ്ങൾ എന്നിവയാണ് ഫോമുകളിൽ നടത്തിയ പരിഷ്കാരങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ താഴെപ്പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുക.
1) ആധാർ നന്പർ നല്‍കണം. ആധാർ നന്പർ ഇല്ലാത്ത വ്യക്തികൾ ആധാർ ആപ്ലിക്കേഷൻ സമർപ്പിച്ചതിനുള്ള എൻറോൾമെന്റ് ഐഡി നല്കിയാൽ മതി.
2) 2016 നവംബർ ഒന്‍പതിനും ഡിസംബർ 31നും ഇടയിൽ ബാങ്കിൽ പണമായി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ യഥാക്രമം നല്‍കുക.
ഭവനവായ്പ പലിശ
വീടു വാങ്ങുന്നതിനുവേണ്ടി ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും 2016-17 വർഷത്തിൽ ലോണ്‍ എടുക്കുകയും അവയുടെ പലിശ 80 ഇഇ വകുപ്പനുസരിച്ച് കിഴിവായി അവകാശപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അവ നിർദേശിച്ചിരിക്കുന്ന കോളത്തിൽ സമർപ്പിക്കണം. സാധാരണയായി കിഴിവ് ലഭിക്കുന്ന 24 ബി വകുപ്പനുസരിച്ചുള്ള രണ്ടു ലക്ഷം രൂപ കൂടാതെയാണ് ഈ കിഴിവു ലഭിക്കുന്നത്.
നികുതിക്കു മുന്‍പ് 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള നികുതിദായകർ ആദായനികുതി റിട്ടേണുകളിൽ സ്വത്തുക്കളുടെ വിവരങ്ങൾ കഴിഞ്ഞ വർഷം മുതൽ നല്‍കണമായിരുന്നു. അവർ ഈ വർഷം മുതൽ സ്വത്തുക്കളുടെ അഡ്രസും നല്‍കണം.
കഴിഞ്ഞ വർഷം വരെ നിലനിന്നിരുന്ന വിദേശയാത്രകളുടെ വിവരങ്ങൾ നല്കൽ, ഓപ്പറേഷൻ ഇല്ലാത്ത അക്കൗണ്ടുകളുടെ വിവരങ്ങൾ നല്കൽ എന്നിവ ഈ വർഷം മുതൽ ഇല്ല.
ഉപയോഗിക്കേണ്ട ഫോമുകൾ
ഐടിആർ 1 (സഹജ്)
ശന്പളം/പെൻഷൻ വരുമാനം, ഒരു വീടിന്റെ മാത്രം വാടക ലഭിക്കുന്നവർ (മുൻവർഷങ്ങളിലെ നഷ്ടം ക്യാരിഫോർവേഡ് ചെയ്തിട്ടുണ്ടെങ്കിൽ ഈ ഫോം ഉപയോഗിക്കരുത്) മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡൻഡ് മുതലായവ ലഭിക്കുന്നവർക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
എന്നാൽ, 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്കു മുന്‍പ് വരുമാനമുള്ളവർ ഹൗസ് പ്രോപ്പർട്ടിയുടെ വാടകയിനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിക്കുന്നവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡൻഡ് ലഭിക്കുന്നവർ, ആദായനികുതി നിയമം 115 ബിബിഇ പ്രകാരം വിശദീകരിക്കാൻ സാധിക്കാത്ത വരുമാനത്തിന് ഉയർന്നനിരക്കായ 60 ശതമാനം നികുതി നല്കുന്നവർ, മൂലധനനേട്ടം ഉണ്ടായിട്ടുള്ളവർ (ഹ്രസ്വകാല നേട്ടവും ദീർഘകാലനേട്ടവും ഉൾപ്പെടും), കൃഷിയിൽനിന്ന് 5000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്നവർ, ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ, വിദേശവരുമാനത്തിന് ടാക്സ് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശ ബാങ്കുകളിൽ ഓപ്പറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശ വരുമാനമുള്ളവർ മുതലായ വ്യക്തികൾക്ക് ഐടിആർ 1 (സഹജ്) ഉപയോഗിക്കാൻ സാധിക്കില്ല.
പേപ്പർ ഫോം
ആദായനികുതി റിട്ടേണുകളോടൊപ്പം ഒരു വിധത്തിലുള്ള പേപ്പറുകളും ഫയൽ ചെയ്യാൻ സാധിക്കില്ല. റിട്ടേണുകൾ പേപ്പർ ഫോമിൽ നേരിട്ട് ആദായനികുതി ഓഫീസിൽ സമർപ്പിക്കാൻ (ചില സാഹചര്യങ്ങൾ ഒഴികെ) സാധിക്കുന്നതാണ്. കൂടാതെ ഇലക്ട്രോണിക് ആയി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചും അല്ലെങ്കിൽ ഇലക്ട്രോണിക് വേരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും ഫയൽ ചെയ്യാവുന്നതാണ്.
കൂടാതെ ഇലക്ട്രോണിക് ആയി ഫയൽ ചെയ്തതിനുശേഷം ലഭിക്കുന്ന ഐടിആർ v. എന്ന അക്നോളജ്മെന്റ് ഫോം ഒപ്പിട്ടതിനുശേഷം ഒരു കോപ്പി പോസ്റ്റ്ബാഗ് നന്പർ 1, ഇലക്ട്രോണിക് സിറ്റി ഓഫീസ്, ബംഗളൂരു, കർണാടക സ്റ്റേറ്റ് പിൻ – 560100 എന്ന വിലാസത്തിൽ അയച്ചു നല്‍കുക. എന്നാൽ, 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും നികുതിക്ക് മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രമുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും റീഫണ്ട് ക്ലെയിം ഇല്ലെങ്കിൽ മാത്രമേ പേപ്പർ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കൂ.
ഫയൽ ചെയ്യേണ്ടവർ
ആദായനികുതി നിയമം അനുസരിച്ച് മൊത്തവരുമാനം (80 സി, 80 ഡി, മുതലായ വകുപ്പുകൾ ഉൾപ്പെടുന്ന ചാപ്റ്റർ VI എയിലെ കിഴിവുകൾക്കു മുന്‍പ്) 60 വയസിൽ താഴെയുള്ള വ്യക്തികൾക്ക് 2,50,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസിൽ താഴെയുള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസിൽ കൂടുതൽ ഉള്ളവർക്ക് 5,00, 000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. നികുതിക്ക് തൊട്ടുമുന്‍പുള്ള വരുമാനം അല്ല ഇവിടെ കണക്കിലെടുക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.
ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ വേഗത്തിൽ അറിയുന്നതിന് സ്വന്തം മൊബൈൽ ഫോണ്‍ നന്പരും ഈ-മെയിൽ അഡ്രസും നല്‍കുന്നത് ഉചിതമാണ്. പിൻകോഡുകൾ തെറ്റുകൂടാതെ പൂരിപ്പിക്കുക. ഫോം നന്പർ 16ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം റിട്ടേണിൽ കാണിക്കേണ്ടത്. ഒന്നിൽ കൂടുതൽ തൊഴിലുടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽനിന്നും ലഭിച്ച വരുമാനം റിട്ടേണിൽ ഉൾപ്പെടുത്താൻ വിട്ടുപോകരുത്.
ബാങ്കിൽനിന്നു കടമെടുത്ത് ഭവനം നിർമിച്ചിട്ടുള്ള നികുതിദായകർ താമസിക്കുന്ന പ്രോപ്പർട്ടിയുടെ വരുമാനം നെഗറ്റീവ് ആയതിനാൽ (പലിശ മാത്രം) ഈ (-) ചിഹ്നം ഉപയോഗിക്കണം. എന്നാൽ, പലിശ തന്നാണ്ടിലെ വരുമാനവുമായി സെറ്റോഫ് ചെയ്ത് പോവുകയില്ലെങ്കിൽ ഫോം നന്പർ ഐടിആർ 1നു പകരം ഐടിആർ 2 ആണ് ഉപയോഗിക്കേണ്ടത്.
ആദായനികുതി സ്ലാബുകൾ
എ) 60 വയസിൽ താഴെ പ്രായമുള്ളവരും ഇന്ത്യൻ റെസിഡന്റുമായിട്ടുള്ളവർക്ക്
1) 2,50,000 രൂപവരെ വരുമാനമുള്ളവർക്ക് നികുതി ഇല്ല.
2) 2,50,000 രൂപയ്ക്കു മുകളിലും 5,00,000 രൂപയിൽ താഴെയും വരുമാനമുള്ളവർ 2,50,000 രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് പത്തു ശതമാനം നികുതിയും അതിന്റെ മൂന്നു ശതമാനം സെസും അടയ്ക്കണം.
3) 5,00,000 രൂപയ്ക്കു മുകളിലും 10,00,000 രൂപയിൽ താഴെയും വരുമാനമുള്ളവർക്ക്: 25000 രൂപ+ 5,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 20 ശതമാനം നികുതിയും ആകെ നികുതിക്ക് മൂന്നു ശതമാനം സെസും.
4) 10,00,000 രൂപയ്ക്കു മുകളിൽ വരുമാനമുള്ളവർക്ക്: 1,25,000 രൂപ+ 10,00,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 30 ശതമാനം നികുതിയും ആകെ നികുതിക്ക് മൂന്നു ശതമാനം സെസും.
ബി) 60 വയസു മുതൽ 80 വയസുവരെ
പ്രായമുള്ള ഇന്ത്യൻ റെസിഡന്റ്സിന്
1) 3,00,000 രൂപ വരെ വരുമാനമുള്ളവർക്ക്: നികുതിയില്ല.
2) 3,00,000 രൂപയ്ക്കു മുകളിൽ 5,00,000 രൂപവരെ വരുമാനമുള്ളവർക്ക്: 3,00,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് പത്തു ശതമാനം നികുതിയും അതിന്റെ മൂന്നു ശതമാനം സെസും.
3) 5,00,000 രൂപയ്ക്കു മുകളിൽ 10,00,000 രൂപ വരെ വരുമാനമുള്ളവർക്ക്: 20,000 രൂപ+20 ശതമാനം നികുതിയും ആകെ നികുതിക്ക് മൂന്നു ശതമാനം സെസും.
4) 10,00,000 രൂപയ്ക്കു മുകളിൽ വരുമാനം ഉള്ളവർക്ക്: 1,20,000 രൂപ+10,00,000 രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതിയും ആകെ നികുതിക്ക് മൂന്നു ശതമാനം സെസും.
സി) 80 വയസ് കഴിഞ്ഞവർക്ക്
1) വരുമാനം ആദ്യത്തെ 5,00,000 രൂപ വരെ: നികുതിയില്ല.
2) 5,00,000 രൂപയ്ക്കു മുകളിൽ 10,00,000 രൂപ വരെ വരുമാനം ഉള്ളവർക്ക്: 5,00,000ത്തിനു മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതിയും അതിന്റെ മൂന്നു ശതമാനം സെസും.
3) 10,00,000 രൂപയ്ക്കു മുകളിൽ വരുമാനമുള്ളവർക്ക്: 1,00,000 രൂപ+ 10,00,000ത്തിനു മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതിയും ആകെ നികുതിക്ക് മൂന്നു ശതമാനം സെസും.