കോഴിക്കോട്: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ പോലീസ് പിടിയിൽ. എറണാകുളം സ്വദേശിയിക്ക് ബിസ്നസ് ആവശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റി മുങ്ങിയ വട്ടമറ്റത്തിൽ വി.സി. ജോസഫ് (50) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
വർഷങ്ങളായി വിവിധ പേരുകളിൽ കേരളത്തിന് പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതിയെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കെ. ശ്രീഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി. ലെനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.