ചേർത്തല: വ്യവസായങ്ങൾക്ക് വളരാൻ പറ്റിയ കാലാവസ്ഥ കേരളത്തിൽ ഇല്ലാത്തതിന്റെ കാരണങ്ങളെ കുറിച്ച് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ ആത്മ പരിശോധന നടത്തണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ് എൻ ഡി പി തൃശൂർ, മലപ്പുറം ജില്ലാതല നേതൃസമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദേശത്ത് ചെന്ന് വ്യവസായ സംരഭകരെ വാഗ്ദാനങ്ങൾ നൽകി ക്ഷണിക്കുന്ന നേതാക്കൾക്ക് നാട്ടിൽ അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നില്ല.
ലൈസൻസ് മുതൽ കറന്റ് വരെ സമയത്ത് നൽകാതെ സംരംഭകരെ വെള്ളം കുടിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. വ്യവസായ പുരോഗതിക്കായി സംസ്ഥാന സർക്കാരിന് നിരവധി പദ്ധതികളുണ്ട്.
പക്ഷേ പ്രായോഗിക തലത്തിൽ സംരഭകർക്ക് ഗുണകരമാവുന്നില്ല. പുതിയ വ്യവസായ നിക്ഷേപങ്ങൾക്കായി സർക്കാർ എന്തുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറായി നിൽക്കുമ്പോൾ നിലവിലുള്ള വ്യവസായങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടാൻ ഒരുങ്ങുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. അവിടെ അവർക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള സ്വീകരണമാണ് ലഭിക്കുന്നത് .
സർക്കാരുമായി കോടിക്കണക്കിന് രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ച് സംരഭങ്ങൾ തുടങ്ങാൻ തയ്യാറെടുത്ത് നിൽക്കുന്ന വൻവ്യവസായ ഗ്രൂപ്പുകൾ വരെ അതിൽ നിന്ന് പിൻമാറുന്ന അവസ്ഥയാണ്. പുതിയ വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ തടസമായ കടമ്പകൾ മറുകടക്കാനാകണം.