മകളുടെ ഉറ്റകൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ഗുരുഗ്രാമിലെ 45കാരനായ ബിസിനസുകാരന് അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് സംഭവം. ഇയാളുടെ 18കാരിയായ മകള്‍ അമേരിക്കയിലാണ് പഠിക്കുന്നത്.
അവധിക്ക് നാട്ടിലെത്തിയ മകള്‍ തന്റെ സ്കൂള്‍തലം മുതലുള്ള ഉറ്റസുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വ്യാഴാഴ്ച വീട്ടിലെത്തിയ കൂട്ടുകാരി അന്ന് രാത്രി അവിടെ തങ്ങി. മകളെയും കൂട്ടുകാരിയേയും അയാള്‍ വൈകിട്ട് പുറത്തുകൊണ്ട് പോയി വിരുന്നും നല്‍കിയിരുന്നു.
ആത്മസുഹൃത്തുക്കള്‍ ഒരുമിച്ചാണ് കിടന്നത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പിതാവ് കൂട്ടുകാരിയെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് വിളിച്ചു.
പുറത്തുവന്ന പെണ്‍കുട്ടിയെ അയാള്‍ കടന്നുപിടിക്കുകയും തന്റെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഈ സമയം അയാളുടെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല.
സംഭവം ആരെയും അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം പ്രതിയുടെ മകളെ അറിയിച്ച ശേഷം പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി അമ്മയോട് സംഭവങ്ങളെല്ലാം വിവരിച്ചു.
12 മണിയോടെ അമ്മയേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതി ലഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ മാനഭംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.