ജോണ്സണ് വേങ്ങത്തടം
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ കടുത്ത പ്രതിസന്ധിയില്‍ 30നു ശേഷം ബസ് സര്‍വീസുകള്‍ ഭൂരിപക്ഷവും നിലയ്ക്കുന്ന അവസ്ഥയില്‍.
നിലവില്‍ നികുതി അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍. 30നു നികുതി അടച്ചില്ലെങ്കില്‍ ബസുകള്‍ക്കു സര്‍വീസ് നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ ആവശ്യം.
സമയം നീട്ടി നല്‍കിയില്ലെങ്കില്‍ ബസ് സര്‍വീസ് നിലയ്ക്കുമെന്നും ബസുടമകള്‍ പറയുന്നു. ഇതു സംബന്ധിച്ചു ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഗോപിനാഥ് മന്ത്രിയെ നേരില്‍ കണ്ടു വ്യക്തമാക്കി കഴിഞ്ഞു.
30നുള്ളില്‍ ഏകദേശം 30,000 രൂപ അടച്ചാല്‍ മാത്രമേ ബസ് സര്‍വീസ്നടത്താന്‍ സാധിക്കൂ. എന്നാല്‍ ഇതു ബസുകളെ സംബന്ധിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഗതാഗതമന്ത്രി ശശീന്ദ്രനെ സന്ദര്‍ശിച്ചു സംസാരിച്ചുവെന്നും അദേഹം ഇടപെടമെന്ന് അറിയിച്ചെന്നും രാഷ്ട്രദീപികയോടു ഗോപിനാഥ് അറിയിച്ചു. മന്ത്രിയെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകുകയാണ്. ഒരു സമരപ്രഖ്യാപനമൊന്നും നടത്താതെ തന്നെ ബസ് സര്‍വീസ് നിലയ്ക്കുന്ന അവസ്ഥയാണ്.
കോവിഡ് കാലഘട്ടത്തില്‍ 70ശതമാനം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഓരോ ദിവസവും ബസുകള്‍ നിന്നു പോകുകയാണ്. ഒന്നിനു ശേഷം 25 ശതമാനത്തില്‍ നിന്നും താഴേക്കു വരുമെന്നും അദേഹം പറഞ്ഞു.
നികുതിയിനത്തില്‍ 15,000 രൂപയും ജിപിഎസ് ഇനത്തില്‍ പതിനായിരം രൂപയും കൂടാതെ ക്ഷേമനിധിയിനത്തില്‍ ആറായിരം രൂപയോളവും അടയ്ക്കണം. ഇതൊന്നും ബസുടമകള്‍ക്കു സാധിക്കാത്ത അവസ്ഥയാണെന്നും അദേഹം മന്ത്രിയെ അറിയിച്ചു. ലോക്ക് ഡൗണില്‍ കുരുങ്ങി കട്ടപ്പുറത്തായ പല സ്വകാര്യബസുകളും ഓടിതുടങ്ങിയതേ ഉള്ളൂ.
അതിനിടയിലാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. മൂന്ന് മാസത്തിനിടെ ഡീസലിന്റെ വില 14 രൂപ വര്‍ധിച്ചു. നികുതി അടയ്ക്കാനുള്ള തീയതി ഈ മാസം 30ന് അവസാനിക്കുകയാണ്. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് തുടരാന്‍ ആകില്ലെന്ന് ബസുടമകള്‍ ഗതാഗതമന്ത്രിയെ അറിയിച്ചു.