വൈപ്പിന്‍: കോവിഡിന്റെ രണ്ടാംഘട്ട വരവും സ്വകാര്യബസ് വ്യവസായത്തെ കശക്കിയെറിഞ്ഞതോടെ ബസുടമകള്‍ക്ക് നിക്കക്കള്ളിയില്ലാത്ത അവസ്ഥ.
ആദ്യഘട്ട കോവിഡ് വ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ സ്വാകാര്യ ബസ് വ്യവസായം മെല്ലെ പച്ചപിടിച്ച് വരുന്നതിനിടയിലാണ് നിനച്ചിരിക്കാതെ രണ്ടാംഘട്ടം കോവിഡ് വ്യാപനമുണ്ടായത്.
തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബസുകളില്‍ സീറ്റിംഗിനുള്ള യാത്രക്കാരെ മാത്രം കയറ്റിയാല്‍ മതിയെന്നായി. ഇതോടെ വരുമാനം കുത്തനെ കുറഞ്ഞു.
ഇപ്പോഴാകട്ടെ ഭീതിതരായ ജനം യാത്രകള്‍ പലതും ഉപേക്ഷിച്ചതോടെ സീറ്റിംഗ് കപ്പാസിറ്റിക്കുപോലും യാത്രക്കാര്‍ ഇല്ലെന്ന് വൈപ്പിന്‍-പറവൂര്‍ മേഖലയിലെ ബസുടമകള്‍ പറയുന്നു.
രാവിലെയും വൈകുന്നേരവും വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ മാത്രമാണ് ഇപ്പോള്‍ യാത്രക്കാരായുള്ളത്.
ഈ സാഹര്യത്തില്‍ വൈകുന്നേരമാകുമ്പോള്‍ ഡീസല്‍ കാശുപോലും ലഭിക്കുന്നില്ലെന്ന് ബസുടമകൾ പറയുന്നു.
ഡ്രൈവര്‍, കണ്ടക്ടര്‍, ഡോര്‍ ചെക്കര്‍ ഇങ്ങിനെ മൂന്ന് ജീവനക്കാരെ വച്ചാണ് സര്‍വീസ് നടത്തുന്നത്. ഇവര്‍ക്കുള്ള കൂലിപോലും കൊടുക്കാന്‍ ബസുടമകള്‍ കഷ്ടപ്പെടുകയാണ്.
സീറ്റില്‍ മുഴുവന്‍ ആളില്ലാത്ത അവസ്ഥയിലും ഒരാള്‍ നിന്നു യാത്രചെയ്താല്‍ ഉദ്യോഗസ്ഥര്‍ പിഴയീടാക്കുന്നതായി ബസുടമകള്‍ ആരോപിച്ചു.
ഇതു തുടര്‍ന്നാല്‍ വൈപ്പിന്‍-പറവൂര്‍ മേഖലയില്‍ സ്വകാര്യ ബസ് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ നിര്‍ബന്ധിതരാകുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി അഗസ്റ്റിന് മണ്ടോത്ത് മുന്നറിയിപ്പ് നല്കി.