സ്വന്തം ലേഖകൻ
തൃശൂർ: ചേറൂർ കിണർ സ്റ്റോപ്പ് വഴി കടന്നുപോകുന്നവർ ചെറുതായൊന്ന് അന്പരന്നുപോയാൽ അതിശയിക്കേണ്ട..! ഉറപ്പിച്ചോളൂ…അതു ബസ് അല്ല, ബസ് സ്റ്റോപ്പാണ്.
ബസിന്റെ മാതൃകയിൽ പണിയുന്ന ബസ് കാത്തിരിപ്പുകേന്ദ്രം…! ഇതിലൂടെ കടന്നുപോകുന്നവരിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും ഇതു വൈറലായിരിക്കുകയാണ്.
കോർപറേഷൻ പ്ലാൻ ഫണ്ടുപയോഗിച്ച് അഞ്ചുലക്ഷം രൂപ ചെലവിലാണ് ഈ കൗതുക ബസ് സ്റ്റോപ്പ് നിർമിച്ചുവരുന്നത്. പുറമേ പോലെ തന്നെ ഉൾഭാഗവും ബസ് സ്റ്റൈലിലാണ്.
പതിനഞ്ചോളം പേർക്ക് ഇരിക്കാവുന്ന സീറ്റുകളും പിടിച്ചുനിൽക്കാനുള്ള സംവിധാനവുമെല്ലാം ഇതിലുണ്ട്. ലൈറ്റ്, ഫാൻ, എഫ്എം റേഡിയോ തുടങ്ങിയവയുമുണ്ടാകും. രണ്ടുവശത്തുകൂടിയും അകത്തേക്കും പുറത്തേക്കും കടക്കാം.
ഈ കൗതുക ബസ് സ്റ്റോപ്പിൽ സബ്സിഡിയോടെ സൗരോർജ സംവിധാനം ഒരുക്കുന്നതിനു ഒന്നരലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കെഎസ്ഇബി സംവിധാനവും സൗരോർജ സംവിധാനവും യഥാക്രമം ഉപയോഗിച്ച് വൈദ്യുതി ലാഭിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നു കൗണ്സിലർ കൃഷ്ണൻകുട്ടി മാസ്റ്റർ പറഞ്ഞു.
വൈദ്യുതി അടക്കമുള്ള കാര്യങ്ങളിൽ വർഷങ്ങളോളം ബാധ്യത വരാത്ത തരത്തിലാണ് പ്ലാനിംഗും നടത്തിപ്പും. ചില സുഹൃത്തുക്കൾ വിദേശരാജ്യ സന്ദർശനത്തിനിടെ ജർമനിയിൽ കണ്ടെത്തിയ കൗതുകം മാസ്റ്ററെ അറിയിക്കുകയായിരുന്നു.
പരിപൂർണമായി കോണ്ക്രീറ്റ് ചെയ്യുന്നതിനേക്കാളും ചെലവു കുറയുമെന്നതു മാസ്റ്ററെയും ചിന്തിപ്പിച്ചു. അങ്ങനെയാണ് കിണർ സ്റ്റോപ്പിൽ ഇത്തരത്തിലൊരു ബസ് വെയ്റ്റിംഗ് ഷെഡിനു സാധ്യത തെളിഞ്ഞത്.
ചെലവു കുറയുന്നതിനൊപ്പം കൗതുകവും തൃശൂരിന്റെ സാംസ്കാരിക സൗന്ദര്യവുമെല്ലാം പ്രതിഫലിപ്പിക്കാനാകും. ഇതിനെ മാതൃകയാക്കി കോർപറേഷൻ പരിധിയിൽ വിവിധ മോഡലുകളിൽ ഇത്തരം ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ വന്നേക്കാമെന്നും കൃഷ്ണൻകുട്ടി മാസ്റ്റർ പറയുന്നു.