സ്വന്തം ലേഖകൻ
തൃശൂർ: ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ബസ് സർവീസിനെ നിലനിർത്തുന്നതല്ലെന്ന് തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ.
സർക്കാരോ കമ്മീഷനോ റിപ്പോർട്ടിലെ ശുപാർശകൾ ബസുടമ സംഘടനകളെ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ കാണുന്ന പ്രകാരമുള്ള ബസ് ചാർജ് വർധന അംഗീകരിക്കാനാവില്ല.
ഇന്ധന ചിലവും യാത്രക്കാരില്ലാത്തതും ബസ് വ്യവസായത്തെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ ചാർജ് ഒരു രൂപയും മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി രണ്ടര കിലോമീറ്ററും വിദ്യാർഥി കണ്സഷൻ അന്പതു ശതമാനവും ഉയർത്തിക്കൊണ്ടുള്ള ബസ് ചാർജ് വർധന മാത്രമേ താൽക്കാലിക ആശ്വാസം നൽകൂവെന്ന് ഉടമകൾ പറയുന്നു.
ഡീസലിന് നികുതി ഒഴിവാക്കിയും സബ് സിഡി നൽകിയും റോഡ് ടാക്സ് ഒഴിവാക്കിയും പൊതുഗതാഗതം സംരക്ഷിക്കണമെന്ന് തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.