സ്വന്തം ലേഖകൻ
കണ്ണൂര്‍: ഒറ്റ, ഇരട്ടയക്കം മാനദണ്ഡമാക്കിയുള്ള ബസ് സര്‍വീസ് സ്വകാര്യ ബസ് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ബസുടമകൾ. ഇപ്രകാരം സർവീസ് നടത്തിയാൽ ഒരു ബസിന് മാസത്തിൽ 12 ദിവസം മാത്രമേ സർവീസ് നടത്താനാകൂ.
ശനിയും ഞായറും സമ്പൂര്‍ണ ലോക് ഡൗണായതിനാല്‍ ഓടാന്‍ കഴിയില്ല. ഒറ്റ, ഇരട്ട നന്പർ പ്രകാരം ഒരു ബസിന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് ലഭിക്കുക.
ഇന്ധന വിലവര്‍ധനയുടെയും മറ്റും കാരണത്താൽ പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ ഈ നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജ്കുമാര് കരുവാരത്ത് പറഞ്ഞു.
ഈ സാഹചര്യത്തിൽ ഒറ്റ-ഇരട്ട നന്പർ നിബന്ധനകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില റൂട്ടുകളില്‍ ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ വ്യവസ്ഥകൾ ബസ് സർവീസ് മുടങ്ങാനുമിടയാക്കും. നാമമാത്രമായ സര്‍വീസുകളുള്ള ഉള്പ്രദേശങ്ങളെയാകും കൂടുതലായും ബാധിക്കുക.
കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ഒന്നര മാസത്തോളമായി സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്താണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു മുമ്പെതന്നെ ബസ് സർവീസിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്നായിരുന്നു ഉത്തരവ്.
ഇതോടെ ബസുകളില്‍ യാത്രക്കാരുടെ എണ്ണം 48 ആയി പരിമിതപ്പെടുത്തേണ്ടിവന്നിരുന്നു. സ്വകാര്യ ബസ് വ്യവസായം പതുക്കെ പച്ചപിടിക്കുന്നതിനിടെയായിരുന്നു കോവിഡ് രണ്ടാംതരംഗവുമെത്തിയത്.
ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. ഒന്നര മാസത്തോളമായി ബസ് സര്‍വീസ് നിര്‍ത്തിവച്ചതു കാരണം ഭൂരിഭാഗം ബസുകള്‍ക്കും ഓടാന്‍ സാധിക്കാത്ത അവസ്ഥയാണ്.
അറ്റകുറ്റപ്പണി നടത്തിയും ഇന്‍ഷ്വറന്‍സ് അടച്ചും ബസ് പുറത്തിറങ്ങണമെങ്കില്‍ ഒരു ലക്ഷത്തിലേറെ രൂപ വേണ്ടിവരും.
എന്നാല്‍ ഇതൊക്കെ ചെയ്ത് ബസ് ഓടാന്‍ തയാറായാല്‍ത്തന്നെ ഇപ്പോൾ ഡീസലിന്റെ തുകപോലും ലഭിക്കില്ലെന്ന് ബസുടമകള്‍ പറയുന്നു. കണ്ണൂർ ജില്ലയില്‍ പത്തു ശതമാനം ബസുകള്‍ മാത്രമേ ഇപ്പോള്‍ സർവീസ് നടത്തുന്നുള്ളൂ.
ഒന്നര മാസത്തോളമായി ബസ് സര്‍വീസ് നിര്‍ത്തിവച്ചതു കാരണം ഭൂരിഭാഗം ബസുകള്‍ക്കും ഓടാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഇന്‍ഷ്വറന്‍സ് പ്രീമിയം പകുതിയായി കുറയ്ക്കുക, കോവിഡ് കാലം കഴിയുംവരെയെങ്കിലും ഡീസലിന് സബ്സിഡി അനുവദിക്കുക,
നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ചൂണ്ടിക്കാട്ടി.