ആലപ്പുഴ: ആലപ്പുഴ നഗരസഭ ബസ് സ്റ്റാൻഡിൽ രാത്രി കാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു.സ്ത്രീകളടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വഴിച്ചേരിയിലെ സ്വകാര്യബസ് സ്റ്റാന്റ് സന്ധ്യകഴിഞ്ഞാൽ വെളിച്ചക്കുറവുമൂലം ഇരുട്ടിലമരും. സ്റ്റാൻഡിൽ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്ന സമയത്ത് പത്തോളം സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ ഇവയ്ക്ക് വേണ്ട വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടക്കാതിരുന്നതോടെ ഭൂരിഭാഗവും കണ്ണടച്ചു. ബസ് സ്റ്റാന്റിൽ പ്രത്യേക തൂണുകൾ സ്ഥാപിച്ചാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ പല തൂണുകളിലും പുല്ലും വള്ളികൾ പൊതിഞ്ഞ നിലയിലാണ്. സ്വകാര്യ ബസ് ഉടമകളും സംഘടനകളും ലൈറ്റുകൾ പ്രകാശിക്കാത്തത് സംബന്ധിച്ച് നിരവധി തവണ നഗരസഭയിൽ പരാതിപ്പെട്ടെങ്കിലും ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.
നഗരത്തിലെ ഒഴിഞ്ഞ കോണിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡിൽ നിന്നും തീരദേശപാതയിലൂടെ സർവീസ് നടത്തുന്നതടക്കം നൂറോളം ബസുകളാണ് വിവിധ പ്രദേശങ്ങളിലേക്കായി സർവീസ് നടത്തുന്നത്. സന്ധ്യകഴിഞ്ഞാൽ ബസ് സ്റ്റാൻഡിൽ ഇരുട്ടുവീഴുന്നത് സാമൂഹ്യവിരുദ്ധ ശല്യത്തിനും ഇടയാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് സ്ത്രീകളാണ് ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
സ്റ്റാൻഡിനുള്ളിൽ ഇരുട്ടായതിനാൽ പലപ്പോഴും റോഡരുകിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ബസ് സ്റ്റാൻഡിനുള്ളിൽ പോലീസ് എയ്ഡ് പോസ്റ്റിനായി മുറി നിർമിച്ചുനൽകിയിട്ടുണ്ടെ ങ്കിലും പലപ്പോഴും പകൽ സമയങ്ങളിൽ മാത്രം പോലീസ് ഉദ്യോഗസ്ഥരുടെ സേവനമൊതുങ്ങുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.