പൊൻകുന്നം: ദേശീയ പാത 183ൽ ഏറെ തിരക്കുള്ള കെവിഎംഎസ് ജംഗ്ഷനിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നയാവശ്യം ഉയരുന്നു. വിവിധ ആവശ്യങ്ങൾക്കായി നിരവധിയാളുകളാണ് ഈ ജംഗ്ഷനിൽ വന്നിറങ്ങുന്നത്. ഇവിടെ നിരവധി സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ ചിറക്കടവ് പഞ്ചായത്ത് ഓഫീസ്, വാട്ടർ അഥോറിട്ടി, ആശുപത്രി എന്നിവയും പ്രവർത്തിക്കുന്നു. മടങ്ങുന്നവർ ജംഗ്ഷനിൽ എത്തുന്ന യാത്രക്കാർ മഴയും വെയിലും കൊണ്ട് റോഡരികിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്.
ദേശീയ പാതയിൽ പഞ്ചായത്തിന് മൂന്നുസെന്റ് സ്ഥലമുണ്ട് 120 വർഷം മുന്പ് ബ്രിട്ടീഷ് സർക്കാർ നിർമിച്ച ഒരിക്കൽ പോലും വെള്ളം വറ്റാത്ത ഒരു കിണർ ഉണ്ടായിരുന്ന സ്ഥലം പത്തു വർഷം മുന്പ് ചപ്പും ചവറും മണ്ണും നിറച്ച് മൂടിയിരുന്നു.
ഇന്ന് കാടുപിടിച്ച് കിടക്കുന്ന സ്ഥലം പഞ്ചായത്ത് പോലും മറന്നു പോയ അവസ്ഥയാണ്. മൂന്നു സെന്റിൽ കക്കൂസ്, കുളിമുറി ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുള്ള കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ശബരിമല സീസണിൻ ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.