ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലെത്തുന്നവർ ഇപ്പോൾ ആദ്യം ഒന്നമ്പരക്കും. ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗം സ്ഥലവും കയ്യടക്കിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങൾ.
ബസ് സ്റ്റാൻഡിൽ കയറാൻ കഴിയാതെ ബസുകൾ പുറത്ത് സംസ്ഥാന പാതയോരത്ത് നിർത്തിയിടേണ്ട അവസ്ഥയായതോടെ ബസുകളെത്തേടി പരക്കം പായേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മിക്ക ദിവസങ്ങളിലും ബസ് സ്റ്റാൻഡിലെ അവസ്ഥ ഇതാണ്.
അനധികൃത പാർക്കിംഗ് വ്യാപകമായതോടെ അഞ്ച് വർഷം മുമ്പ് പോലീസ് ഇവിടെ ‘നോ പാർക്കിംഗ് ‘ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡ് കയ്യടക്കിയതോടെ ബോർഡ് പോലും കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
ബോർഡ് സ്ഥാപിച്ച ആദ്യകാലങ്ങളിൽ ഇവിടെ ഹോം ഗാർഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടാവാറുള്ള ഹോം ഗാർഡുകൾ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല.
സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിംഗും കൂടിയാവുന്നതോടെ ബസുകളും യാത്രക്കാരും വൻ ദുരിതമനുഭവിക്കുകയാണ്.
ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കും പതിവാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ വ്യാപാരികളും ദുരിതത്തിലാണ്.
ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് തടയണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വ്യാപാരികളും നഗരസഭ അധികൃതർക്കും പോലീസിലും നിരവധി പരാതികൾ നൽകിയിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.