കണ്ണൂർ: പെട്രോൾ പന്പ് സമരത്തിനു പിന്നാലെ ബസ് വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ അിശ്ചിതകാല സമരം നടത്തുമെന്ന് കണ്ണൂര് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തസമരസമിതിയും പ്രഖ്യാപിച്ചതോടെ ജനത്തിനു കൂന്നിന്മേൽകുരുവായി.
പ്രത്യേകിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളടക്കം എഴുതുന്ന വിദ്യാർഥികൾക്കാണ് ബസ് സമരം ഏറെ ദുരിതമാകുക. ഇതുവരെ ബന്ധപ്പെട്ടവർ യാതൊരു ചർച്ചയ്ക്കും തയാറാകാത്ത സാഹചര്യത്തിൽ നാളെ മുതൽ സമരം തുടരുമെന്നാണ് ഭാരവാഹികൾ പറയുന്നത്.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ അടിയന്തരമായി ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികൾക്ക് സ്വകാര്യബസുകളിലെ പോലെയുള്ള കൺസെഷൻ കെഎസ്ആർടിസിയിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരം നടത്തുന്നതെന്ന് ഭാരവാഹികളായി എം.വി.വത്സലൻ, പി.കെപവിത്രൻ, ടി.എം.സുധാകരൻ, രാജ്കുമാർ കരുവാരത്ത് എന്നിവർ പറഞ്ഞു.
ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവയ്ക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം ആവശ്യപ്പെട്ട്.
മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ ബുധനാഴ്ച മുതൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.