നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
സേവനനികുതിയുടെ കാലഘട്ടത്തിൽത്തന്നെ ആരോഗ്യപരിപാലന കേന്ദ്രങ്ങളെ പ്രസ്തുത നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. നല്ല ശതമാനം ജനങ്ങളും ആശുപത്രിച്ചെലവുകൾ സ്വന്തം കൈയിൽനിന്നു തന്നെയാണ് വഹിക്കുന്നത്. ആ സാഹചര്യത്തിലാണ് ഗവണ്മെന്റ് നികുതിയിളവിലൂടെ ചെറിയ ആശ്വാസം നല്കുന്നത്.
ഹെൽത്ത് കെയർ സർവീസുകൾക്ക് ജിഎസ്ടിയിൽനിന്ന് ഒഴിവു നല്കിയിട്ടുണ്ട്. ഇവയിൽ ഡോക്ടറുടെ കണ്സൾട്ടേഷൻ ഫീസ്, ആശുപത്രിയിലെ മുറികളുടെ വാടക, മരുന്നുകൾ, മെഡിക്കൽ ടെസ്റ്റുകൾ, ആംബുലൻസ് സർവീസുകൾ എന്നിവ ഉൾപ്പെടുന്നു.
രോഗനിർണയം തുടങ്ങി അംഗീകൃത ചികിത്സാരീതികളിൽ അധികാരപ്പെടുത്തിയ ഡോക്ടർമാരുടെയും ലാബോട്ടറികളുടെയും സേവനങ്ങൾ ആരോഗ്യപരിപാലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ, ഹെയർ ട്രാൻസ്പ്ലാന്റുകളും കോസ്മെറ്റിക് സർജറികളും പ്ലാസ്റ്റിക് സർജറികളും പൊതുവായി ജിഎസ്ടിയുടെ ഒഴിവിന് അർഹമല്ല.
എന്നാൽ ജനിതക വൈകല്യങ്ങൾ, മുറിവുകൾ മുതലായവയ്ക്കുവേണ്ടി നടത്തുന്ന പ്ലാസ്റ്റിക് സർജറികൾക്ക് ഒഴിവുള്ളതാണ്.ജിഎസ്ടിയിൽ ഒഴിവുകൾ നല്കുന്നത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റുകൾക്കായിട്ടാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് എന്നു പറഞ്ഞാൽ അവയിൽ ആശുപത്രികൾ, മറ്റേണിറ്റി ഹോമുകൾ, നഴ്സിംഗ് ഹോമുകൾ, ഡിസ്പെൻസറികൾ, സാനട്ടോറിയം, ക്ലിനിക്കുകൾ എന്നിവയെല്ലാം ഉൾപ്പെടും. അലോപ്പതി ആശുപത്രികൾ മാത്രമല്ല ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ ഏഴു തരം ചികിത്സാരീതികളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്
1) അലോപ്പതി
2) ആയുർവേദം
3) സിദ്ധവൈദ്യം
4) യുനാനി
5) ഹോമിയോപ്പതി
6) യോഗ
7) നേച്വറോപ്പതി
ഇവയിൽ ഏതെങ്കിലും ചികിത്സാവിധി അനുവർത്തിച്ചാൽ ജിഎസ്ടിയുടെ ഒഴിവിന് അർഹമാകും. ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റും ജോലിചെയ്യുന്ന ഡോക്ടർമാർ മെഡിക്കൽ കൗണ്സിലിന്റെ അംഗീകാരമുള്ളവരും മുകളിൽ സൂചിപ്പിച്ച ഏഴു തരം ചികിത്സാവിധികളിൽ ഒന്നിൽ ബിരുദം നേടിയവരും ആയിരിക്കണം. പാരാമെഡിക്കൽ വിഭാഗത്തിൽ നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റുകൾ, ലബോറട്ടറി അസിസ്റ്റന്റുമാർ എന്നിവരാണു വേണ്ടത്. സ്വതന്ത്രമായി നടത്തപ്പെടുന്ന ലബോറട്ടറികൾക്കും ജിഎസ്ടിഒഴിവാണ്.
രോഗികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ആംബുലൻസുകളുടെ സേവനങ്ങൾക്കും ജിഎസ്ടി ഇല്ല. മെഡിക്കൽ ടെസ്റ്റുകൾ ആശുപത്രിയിൽതന്നെ ചെയ്താലും ആശുപത്രിക്കു വെളിയിൽ സ്വതന്ത്രമായി നടത്തുന്ന സ്ഥാപനങ്ങളിൽ ചെയ്താലും കിഴിവിനർഹമാണ്.
രോഗികളുടെ പക്കൽനിന്നു ലഭിക്കുന്ന മുറിവാടകയ്ക്ക് ജിഎസ്ടി ഇല്ല. എന്നാൽ, ആശുപത്രിയിലെ ഒരു മുറി മരുന്നുകട നടത്താൻ വാടകയ്ക്കു നല്കിയിട്ടുണ്ടെങ്കിൽ അതിന് കിഴിവ് ലഭ്യമല്ല. അതുപോലെതന്ന രോഗികളുടെ കൂട്ടത്തിൽ നിൽക്കുന്നവർക്ക് താമസിക്കുന്നതിനുവേണ്ടി വേറെ മുറികൾ നല്കിയാൽ അവയിൽനിന്നു ലഭിക്കുന്ന വാടകയ്ക്ക് ജിഎസ്ടി വേണം.
ആശുപത്രിയുടെ ഫാർമസിയിൽനിന്നും രോഗികൾക്കു നല്കുന്ന മരുന്നുകൾ ചികിത്സയുടെ ഭാഗമാണെന്നും അതിനാൽ കിഴിവിന് അർഹമാണെന്നും ഒരു വാദം നിലവിലുണ്ട്. എന്നാൽ, ഏതെങ്കിലും അംഗീകൃത ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ ഫാർമസിയിൽനിന്ന് ഏതൊരാൾക്കും മരുന്നുകൾ ലഭ്യമാകുന്നതിനാൽ മരുന്നുകളുടെ വില്പനയ്ക്ക് ജിഎസ്ടി ഈടാക്കാം എന്നാണ് പൊതുവേയുള്ള ഒരു തീരുമാനം.
(ഹോസ്പിറ്റലിലെ ഫാർമസിയിൽനിന്ന് പുറത്തുനിന്നുള്ള പ്രിസ്ക്രിപ്ഷൻ പ്രകാരം മരുന്നുകൾ നല്കുന്നില്ല എങ്കിൽ അത് ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ആണ്.
ജിഎസ്ടി യുമായി ബന്ധമില്ല.) എന്നാൽ, ഫാർമസിയിൽനിന്നു ലഭിക്കുന്ന മരുന്നുകളുടെയും കണ്സ്യൂമബിൾസിന്റെയും മറ്റും നികുതിനിരക്കുകളിൽ വ്യത്യാസമുള്ളതിനാൽ പൊതുവായി ഒരു നിരക്ക് സ്വീകരിക്കാൻ പാടില്ല. ഇവർക്കു പ്രത്യേകം നിരക്കുകളുള്ളതിനാൽ ഓരോന്നിന്റെയും എച്ച്എസ്എൻ കോഡ് അനുസരിച്ച് ഇവയെ തരം തിരിച്ചുവേണം ജിഎസ്ടി ഈടാക്കാൻ. വില്ക്കുന്ന മരുന്നുകളുടെ നികുതി ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് അർഹതയുള്ളതാണ്.
ഡോക്ടർമാർക്ക് ഹോസ്പിറ്റൽ സേവനത്തിലെ വരുമാനം കൂടാതെ മറ്റു നികുതിവിധേയമായ വരുമാനം (വാടക മുതലായവ) ഉണ്ടെങ്കിൽ, മൊത്തം വരവ് 20 ലക്ഷം രൂപയിലധികം വരുമെങ്കിൽ, മറ്റു വരുമാനങ്ങൾ തുച്ഛമാണെങ്കിൽ കൂടി, രജിസ്ട്രേഷൻ എടുക്കേണ്ടതായിവരും.
ഹോസ്പിറ്റൽ നടത്തുന്നവർക്കും ഇതു ബാധകമാണ്. രജിസ്ട്രേഷൻ എടുത്തുകഴിഞ്ഞാൽ, രജിസ്ട്രേഷൻ ഇല്ലാത്ത വിതരണക്കാരുടെ പക്കൽനിന്നു ലഭിക്കുന്ന സപ്ലൈകൾക്ക് (ചരക്കുകൾക്കും സേവനങ്ങൾക്കും) റിവേഴ്സ് ചാർജ് മെക്കാനിസം മൂലം ജിഎസ്ടി അടയ്ക്കേണ്ടതായി വരും. ജിഎസ്ടിയിൽനിന്ന് ഒഴിവുള്ള സേവനങ്ങൾക്കുവേണ്ടി നടത്തുന്ന വാങ്ങലുകൾക്കും ലഭിക്കുന്ന സേവനങ്ങൾക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല എന്ന വിവരം പ്രത്യേകം ഓർക്കുക.