ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തെ ഡൽഹിയിൽ നിന്ന് പിടി കൂടി. തട്ടിപ്പിനിരയായ ആയിരക്കണക്കിനു ആളുകളുടെ പരാതിയിൽ മേലാണ് ഇവർക്കായി തിരച്ചിൽ നടത്തിയത്.
ഡൽഹി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചത്. ഡൽഹി സെെബർ സെല്ലും ക്രെെബ്രാംഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇവർ ആളുകളിൽ നിന്ന് പണം വാങ്ങിയത്. പ്രധാനമായും ദുബായിലേക്കുള്ള വ്യാജ വിസയാണ് സംഘം ഉണ്ടാക്കി നൽകിയിരുന്നത്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം ആളുകളും കേരളത്തിൽ നിന്നുള്ളവരാണ്.
എഞ്ചിനീയറിംഗ് ബിരുദധാരിയും ബീഹാർ സ്വദേശിയുമായ ഇനാമുൾ ഹഖ് എന്നയാളാണ് തട്ടിപ്പ് സംഘത്തിന്റെ തലവൻ.
അഞ്ച് വർഷത്തിനിടയിൽ ഇയാളുടെ വലിൽ വീണത് നിരവധി ആളുകളാണ്. പലരും നാണക്കേട് മൂലം പരാതി നൽകാൻ മടിച്ചു.
സാക്കിർ നഗർ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ഇയാളുടെ ഓഫീസിൽ നിന്ന് പ്രധാനപ്പെട്ട രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
മറ്റാർക്കും സംശയം തോന്നാതിരിക്കാൻ പരിമിതമായ ജീവനക്കാരെ വെച്ച് പല സ്ഥലങ്ങളിലായി നിരവധി കമ്പനികൾ തുടങ്ങും.
ഇവർ ലക്ഷ്യം വെക്കുന്ന തുക ലഭിച്ചു കഴിഞ്ഞാൽ കമ്പനി പൂട്ടി മറ്റൊരു സ്ഥലത്ത് വേറെ കമ്പനി തുടങ്ങും. അങ്ങനെ കോടി കണക്കിനു രൂപയാണ് തട്ടിപ്പു സംഘം ആളുകളിൽ നിന്ന് കെെക്കലാക്കിയിട്ടുള്ളത്. സംഭവത്തെ സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.