കോട്ടയം: ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ വൈഫൈയും എഫ്എം റോഡിയോയും അപ്രത്യക്ഷമായി.
കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡ് ബസ് ബേയിലെ ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നപ്പോൾ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു. യാത്രക്കാർക്ക് ബോറടിക്കാതിരിക്കാൻ എപ്പോഴും പാട്ട് കേൾക്കാൻ എഫ്എം റേഡിയോ, സൗജന്യ വൈഫൈ സൗകര്യം , കുടിവെള്ളം അങ്ങനെ പോകുന്നു ആധുനിക സൗകര്യങ്ങൾ.
തുടക്കത്തിൽ പാട്ട് കേൾക്കാൻ സംവിധാനമുണ്ടായിരുന്നു. പിന്നീടത് നിലച്ചു. സൗജന്യ വൈഫൈയൊന്നും ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. കോട്ടയം നഗരത്തിൽ ആകെ രണ്ട് ബസ് ബേയാണുള്ളത്. ഒന്ന് ശാസ്ത്രി റോഡിലും മറ്റൊന്ന് തിരുവാതുക്കലും.
തിരുവാതുക്കലെ ബസ് ബേയിൽ തിരക്കൊന്നുമില്ല. യാത്രക്കാരും കുറവാണ്. പക്ഷേ ശാസ്ത്രി റോഡിൽ അതല്ല സ്ഥിതി. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ശാസ്ത്രി റോഡിലേത്. ശാസ്ത്രി റോഡ് മോഡൽ ബസ് കാത്തിരിപ്പു കേന്ദ്രവും ബസ് ബേയും നഗരത്തിലെ മറ്റിടങ്ങളിലും സ്ഥാപിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ഇപ്പോൾ വാഹനങ്ങൾ ബസ് സ്റ്റോപ്പിൽ നിർത്തിയിടുന്നതാണ് ഏറ്റവും വലിയ കുരുക്കായി മാറുന്നത്. എന്നാൽ ബസ്ബേ നിർമാണത്തിനുള്ള ഒരു പദ്ധതിയും അധികൃതരുടെ തലയിലുദിച്ചിട്ടില്ല.