രണ്ടുമാസം പ്രായമുള്ള ആണ്കുഞ്ഞിനെ നോക്കാന് നേരമില്ലെന്ന കാരണത്താല് ദത്തു കൊടുത്ത മാതാപിതാക്കള്ക്കെതിരെ കേസെടുത്ത് പോലീസ്. 35കാരിയായ സ്വകാര്യ കോളജ് അദ്ധ്യാപികയ്ക്കും എഞ്ചിനിയറായ ഭര്ത്താവിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ കോളജിലെ അദ്ധ്യാപികയായ ഇവര് ഇക്കഴിഞ്ഞ ഒക്ടോബര് 23നാണ് ഒരാണ്കുഞ്ഞിന് ജന്മം നല്കിയത്. ഭര്ത്താവ് എഞ്ചിനിയറായതിനാല് ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന് സാധിച്ചിരുന്നില്ല.
കുട്ടിയെ ഒറ്റയ്ക്ക് നോക്കാന് ബുദ്ധിമുട്ടുവന്നതോടെ ദത്തുകൊടുക്കുന്ന കാര്യം ആലോചിച്ചു. ഇതേത്തുടര്ന്ന് ഭര്ത്താവിന്റെ ബന്ധുവും മൈസൂരു സ്വദേശിയുമായ യുവാവിനെ വിവരം അറിയിച്ചു. ഇയാളാണ് കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ദമ്പതിമാരെ കണ്ടെത്തിയത്. ഡിസംബര് 16-ന് കുട്ടിയെ കൈമാറി. ദത്തെടുക്കുന്ന ദമ്പതിമാര്ക്ക് വേറെ കുട്ടികളുണ്ടാകരുതെന്ന നിബന്ധനയോടെയായിരുന്നു കുട്ടിയെ കൈമാറിയത്. എന്നാല് വീട്ടില് തിരിച്ചെത്തിയ പ്രൊഫസര്ക്ക് കുട്ടിയെക്കുറിച്ച് ഓര്ത്ത് ആകെ ആശങ്കയായി.ദത്തുകൊടുത്തത് തെറ്റായിപ്പോയെന്ന് മനസ്സിലായതിനെത്തുടര്ന്ന് യുവാവിനെ വിളിച്ചപ്പോള് കുട്ടിയെ വാങ്ങിയവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് അറിഞ്ഞു.
അതോടെ ചന്നമ്മനകെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനില് പ്രൊഫസര് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ അനധികൃതമായി ദത്തുകൊടുത്തതിന് പ്രൊഫസറുടെയും ഭര്ത്താവിന്റെയും യുവാവിന്റെയുംപേരില് പൊലീസ് കേസെടുത്തത്. കുഞ്ഞിനെ വിറ്റു എന്ന കുറ്റത്തിനാണ് മാതാപിതാക്കള്ക്കെതിരെയും ഇടനിലക്കാരനായി നിന്ന ആള്ക്കെതിരെയും കേസ്. ജോലിത്തിരക്ക് ആയതിനാലാണ് കുട്ടിയെ കൈമാറിയതെന്നും എന്നാല് കൈമാറ്റത്തില് പണമിടപാടൊന്നും നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മൈസൂരുവിലെ ദമ്പതികളില് നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ പൊലീസ് ശിശു സംരക്ഷണ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്.