മോഷണ വാർത്തകൾ ദിവസവും ലോകത്തിന്റെ പല കോണുകളിൽനിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ അതിവിചിത്രമായൊരു മോഷണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്നത്.
ഇവിടത്തെ ഒരു ചിത്രശലഭ പാർക്കിൽനിന്ന് ഒരു ചിത്രശലഭം മോഷണം പോയിരിക്കുന്നു. അമേരിക്കയിൽ മാത്രം കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ഒരിനം നീല ചിത്രശലഭത്തെയാണ് ഈ പാർക്ക് കാണാനെത്തിയ ഒരു യുവതി മോഷ്ടിച്ചുകൊണ്ടുപോയത്.
പാർക്കിലെത്തുന്ന സന്ദർശകരുടെ ശരീരത്തിൽ ചിത്രശലഭങ്ങൾ വന്നിരിക്കാറുണ്ട്. എന്നാൽ സന്ദർശന ശേഷം പുറത്തുപോകുന്നവരുടെ ദേഹത്ത് ചിത്രശഭങ്ങളൊന്നുമിരിപ്പില്ല എന്ന് ഉറപ്പാക്കിയിട്ടേ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പുറത്തുവിടാറുള്ളു.
എന്നാൽ കഴിഞ്ഞ ദിവസം പാർക്കിലെത്തിയ ഒരു യുവതി ഈ അപൂർവ നീല ശലഭത്തെ പിടിച്ച് തന്റെ കുടയ്ക്കുള്ളിലാക്കി മുങ്ങുകയായിരുന്നു. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. യുവതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.