നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ബട്ടൻസുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഇന്നു രാവിലെ കോലാലംപൂരിൽനിന്നെത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രികനായ പഞ്ചാബ് സ്വദേശി എസ്. സുധീർസിംങിൽനിന്നുമാണ് സ്വർണം പിടികൂടിയത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടൻസുകളുടെ രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് അധികൃതർ പിടികൂടിയിട്ടുള്ളത്.
മൂന്നു ദിവസത്തിനിടെ സ്വർണം പിടികൂടുന്നത് മൂന്നാം തവണ
കൊച്ചി: മൂന്നു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച് വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മൂന്നു യാത്രക്കാരിൽനിന്ന് എയർകസ്റ്റംസ് വിഭാഗം 97.77 ലക്ഷം രൂപ വിലയുള്ള 3.18 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു.
ഇതിൽ സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് എസ് വി 784-ാം നന്പർ ഫ്ളൈറ്റിലെത്തിയ മലപ്പുറം സ്വദേശി സിദ്ദിഖിന്റെ പക്കൽനിന്നാണ് ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത്. സ്പീക്കറിനകത്തെ രണ്ടു ട്രാൻസ്ഫോർമറിനുള്ളിൽ വയർ രൂപത്തിലാക്കിയാണ് ഇയാൾ 1988 ഗ്രാം സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇയാളുടെ പോക്കറ്റുകളിൽ 21 ഗ്രാം തൂക്കമുള്ള രണ്ടു സ്വർണ ബിസ്കറ്റുകളും ഉണ്ടായിരുന്നു.
ഷാർജയിൽനിന്ന് എയർ ഏഷ്യയുടെ ജി 90421-ാം നന്പർ വിമാനത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി നിയാസിന്റെ പക്കൽനിന്ന് 703 ഗ്രാം സ്വർണം പിടിച്ചു. ഗ്രാനൂൾ രൂപത്തിലുള്ള സ്വർണക്കഷണങ്ങൾ പെർഫ്യൂം ബോട്ടിലുകളുടെ അടപ്പിനടിയിൽ ഒട്ടിച്ചാണ് കൊണ്ടുവന്നത്.
ദുബായിൽനിന്ന് ജെറ്റ് എയർവെയ്സിന്റെ 9ഡബ്ല്യു 0527-ാം നന്പർ ഫ്ലൈറ്റിൽ വന്ന കർണാടക ഭട്കൽ സ്വദേശി റൗഫിന്റെ കൈയിൽനിന്ന് 466 ഗ്രാമിന്റെ നാലു സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്. രണ്ടെണ്ണം വീതം ഓരോ കാലിനടിയിലും ടേപ്പ് കൊണ്ട് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് ഇയാളെ പിടിച്ചത്.