തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാർഥികളെ രംഗത്തിറക്കാൻ ഇടതുമുന്നണി. കോൺഗ്രസ് ആദ്യമെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതിനാൽ നാളത്തന്നെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വയനാട് ലോക്സഭാ സീറ്റിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
സിപിഐ എക്സിക്യൂട്ടിവിന് ശേഷം ഇടത് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. വയനാട് സീറ്റ് സി പി ഐയുടേതാണ്. ചേലക്കരയും പാലക്കാടും സി പി എമ്മിനും. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ഇടതുമുന്നണി യോഗം ചേരും. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ പേര് തന്നെയാണ് ഇപ്പോഴും ഉയർന്നു നിൽക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മേഖലയിലുള്ള ബിനുമോളുടെ സ്വാധീനമാണ് അനുകൂലഘടകമാകുന്നത്. 2016 മുതൽ സിപിഎം പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി മുൻ പീരുമേട് എംഎൽഎ ഇ.എസ്.ബിജി മോളുടെ പേരാണ് പരിഗണനയിൽ മുൻപന്തിയിൽ. പാർട്ടിയുടെ സിറ്റിംഗ് മണ്ഡലമായ ചേലക്കരയിൽ മുൻ എം എൽ എ യു.പ്രദീപിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.
എൻഎഡി സ്ഥാനാർഥികളുടെ കാര്യത്തിൽ നിലവിൽ ധാരണകളല്ലാതെ വ്യക്തമായ ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല. വയനാട്ടിൽ എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേശ് എന്നിവരുടെ പേരുകളാണു നേതൃത്വത്തിന്റെ മുന്നിലുള്ളത്. പാലക്കാട് സി.കൃഷ്ണകുമാർ സ്ഥാനാർഥിയാകാനാണു സാധ്യത. ശോഭ സുരേന്ദ്രനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പട്ടികയിലുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായി മണിക്കൂറുകൾക്കകം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നേരത്തെ കളത്തിലിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ചുവരെഴുത്തുകളും തുടങ്ങാൻ ഡിസിസികൾക്ക് നിർദേശം ലഭിച്ചു കഴിഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും വയനാട് പ്രിയങ്കാ ഗാന്ധിയും ചേലക്കരയില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാർഥികളാകും. രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും.
പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയാണ് ഇന്ന് രമ്യ ഹരിദാസ് പ്രചാരണം തുടങ്ങുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടെങ്കിലും ചേലക്കര മണ്ഡലത്തിൽ കൂടുതൽ വോട്ട് പിടിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.