തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും.
കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും.
വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികൾ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. എൽഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ധാരണ. 25 ന് പാലക്കാട്ട് നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
മൂന്നു മുന്നണികളും പാലക്കാട്ട് തുടക്കം മുതലേ റോഡ് ഷോകൾ നടത്തി പ്രചാരണം കൊഴുപ്പിക്കുകയാണ്. പാലക്കാട് ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്നാണ്. ഇന്ന് വയനാട് മണ്ഡലത്തിലെത്തുന്ന എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനെ ലക്കിടിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയിൽ പ്രവർത്തകർ സ്വീകരിക്കും.
തുടർന്ന് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയും നടക്കും. വയനാട് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പര്യടനം ഇന്ന് വണ്ടൂർ നിയോജകമണ്ഡലത്തിലാണ്.അതേസമയം ചേലക്കരയിൽ പി.വി.അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ.കെ. സുധീറിനെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ് യുഡിഎഫ്.