ലണ്ടൻ: തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കുന്ന ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനാക്കിനു തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പുഫലം.
ഇംഗ്ലണ്ടിലെ കിംഗ്സ്വുഡ്, വെല്ലിംഗ്ബറോ പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സുനാക്കിന്റെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികൾ പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്നു പരാജയം രുചിച്ചു.
കൺസർവേറ്റീവ് പാർട്ടി കൈവശം വച്ചിരുന്ന സീറ്റുകൾ വൻ ഭൂരിപക്ഷത്തിനു ലേബർ സ്ഥാനാർഥികൾ പിടിച്ചെടുക്കുകയായിരുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളെ മറികടന്ന് കുടിയേറ്റവിരുദ്ധ ബ്രെക്സിറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
അടുത്തവർഷം ജനുവരി അവസാനത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയം രുചിക്കുമെന്ന സൂചനകൾ ഉറപ്പിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പുഫലം.
സുനാക്കിന്റെ പരിസ്ഥിതി നയങ്ങളിൽ പ്രതിഷേധിച്ച് കിംഗ്സ്വുഡ് മണ്ഡലത്തിലെ എംപി ക്രിസ് സ്കിഡ്മോർ രാജിവയ്ക്കുകയായിരുന്നു. വെല്ലിംഗ്ബറോ മണ്ഡലത്തിലെ എംപി പീറ്റർ ബോണിനെ അനുചിത പെരുമാറ്റത്തിന്റെ പേരിൽ ജനം തിരിച്ചുവിളിക്കുകയായിരുന്നു.