പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്വാനാര്ഥിയെ ഇറക്കാനുള്ള സിപിഎം ശ്രമം പാളി. അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു കളംനിറഞ്ഞുനിൽക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്.
കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളിയിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ നിബു ജോണിനെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍.
ഇദ്ദേഹം ഇടതു സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള പ്രചാരണം നടന്നിട്ടും നിബു ജോൺ പ്രതികരിക്കാതിരുന്നതും സിപിഎം തുടക്കത്തിൽ നിഷേധിക്കാതിരുന്നതും അഭ്യൂഹം ശക്തമാക്കിയിരുന്നു.
വ്യാജ പ്രചാരണമാണു നടക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ആരുടെയടുത്തും പോയിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും നിബു ജോണ്‍ ഇന്നു രാവിലെ വ്യക്തമാക്കിയതോടെ സസ്പെൻസ് ഒഴിവാകുകയായിരുന്നു.
കോൺഗ്രസിന്റെ ഉന്നത നേതാക്കൾ നിബുവുമായി ഇന്നലെ രാത്രി ചർച്ചകൾ നടത്തിയിരുന്നതായി സൂചനയുണ്ട്.കോൺഗ്രസുകാരൻ ഇടതു സ്ഥാനാർഥിയാകുമെന്ന വാര്‍ത്ത വന്നതോടെ സിപിഎം പ്രവര്‍ത്തകരില്‍നിന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രാദേശിക സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുത്ത നേതാക്കളെ പ്രാദേശിക നേതാക്കള്‍ നിര്ത്തിപൊരിപ്പിച്ചതായാണ് അറിയുന്നത്.
നല്ല സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലുള്ളപ്പോള്‍ കാലുമാറി വന്നവരെയും കോണ്‍ഗ്രസുകാരെയും പൊതുസ്വതന്ത്രനെയും വേണ്ടന്നു പ്രാദേശിക നേതാക്കള്‍ വാദിച്ചു. അല്ലാത്തപക്ഷം പ്രവര്‍ത്തിക്കാന്‍ തങ്ങളെ കിട്ടില്ലെന്നും പലരും പറഞ്ഞു.
പ്രാദേശിക നേതാക്കളുടെ എതിർപ്പും നിബു ജോണിന്റെ ചാഞ്ചാട്ടവും കൂടിയായപ്പോൾ സിപിഎം ചുവട് മാറ്റി. അപ്രതീക്ഷിത സ്ഥാനാര്‍ഥിയില്ലെന്നും പാര്‍ട്ടി ചിഹ്നത്തില്‍ നല്ല സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന് പ്രഖ്യാപിക്കുകയും ചെയ്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ഒരു വിഭാഗം നേതാക്കള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചില നീക്കങ്ങളും ചര്‍ച്ചകളും നടന്നിരുന്നു.
കോണ്‍ഗ്രസില്‍നിന്നുള്ള ഒരു മുന്‍ ജില്ലാ പഞ്ചായത്തംഗം സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്.
കോണ്ഗ്രസില്നിന്നുള്ളയാളെ സിപിഎം സ്ഥാനാര്‍ഥിയാക്കുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വത്തെയും ആദ്യം ഞെട്ടിച്ചിരുന്നു. ഈ നീക്കം പാളിയതോടെ സ്ഥാനാര്‍ഥിയെ കിട്ടാതെ സിപിഎം വിഷമിക്കുകയാണെന്ന പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ രംഗത്തെത്തി.