കോട്ടയം: മുഖ്യമന്ത്രി, പ്രതിക്ഷനേതാവ്, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി പേരാണ് പുതുപ്പള്ളിയുടെ മണ്ണില്‍ പ്രചാരണത്തിനെത്തുന്നത്.
പുതുപ്പള്ളിയില്‍ ഒരുവികസനവുമില്ലെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആരോപണങ്ങള്‍ക്കു അതേ നാണയത്തില്‍ മറുപടി നല്കാന് യുഡിഎഫും സജ്ജമായതോടെ വീറുംവാശിയും കൂടുകയാണ്.
പുതുപ്പള്ളിയിലെ വികസനം എവിടെ എന്ന് ചാണ്ടി ഉമ്മനോടും ചോദ്യങ്ങള്‍ ഉയരുന്നു. പുതുപ്പള്ളിയിലെ വികസനത്തിന്റെ പട്ടിക തയാറാക്കിയാണ് യുഡിഎഫ് തിരിച്ചടിക്കൊരുങ്ങുന്നത്.
ഇന്നലെ അകലക്കുന്നം തെക്കുംതലയില്‍ സ്ഥിതി ചെയ്യുന്ന കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥികളുടെ മുന്നിലെത്തിയ ചാണ്ടി ഉമ്മനോടും വികസനത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു.
കോളജിനു ശിലപാകിയതും ഉദ്ഘാടനം നടത്തിയതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു ശിലാഫലകം കാണിച്ചു കൊടുത്തപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും മനസിലായത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തറക്കല്ലിട്ട സ്ഥാപനത്തിന് തുടര്‍ന്നു വന്ന അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് ഒന്നും ചെയ്യാത്തതും പിന്നീട് വന്ന ഉമ്മന്‍ചാണ്ടി നിര്‍മിച്ചതും യുഡിഎഫ് ചര്‍ച്ചയാക്കുന്നു.
എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പുതുപ്പള്ളിയോട് കാണിക്കുന്ന അവഗണനയും യുഡിഎഫ് ചര്‍ച്ചയാക്കുകയാണ്.അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച സതീശന് ചുരുങ്ങിയത് മാധ്യമങ്ങളുടെ മുന്നില്‍ വരാനെങ്കിലും ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
സംവാദത്തിന് വരികയൊന്നും വേണ്ട, ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഒരു പത്രസസമ്മേളനമെങ്കിലും നടത്തട്ടെയെന്നും സതീശന് പറഞ്ഞു. പുതുപ്പള്ളിയില്‍ പ്രചാരണത്തിനിടെയാണ് സതീശന് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്.
വിസ്മയകരമായ വികസനം നടന്ന സ്ഥലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ കളങ്കപ്പെടുത്തുക, പ്രതിക്കൂട്ടില്‍ നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രക്ഷപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്‍ഡിഎഫിന്റെ വികസന ചര്‍ച്ചയെന്നും സതീശന് പറഞ്ഞു.
പുതുപ്പള്ളിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ചര്‍ച്ചയാക്കുകയാണ് പ്രതിപക്ഷ അജണ്ട. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയടക്കം ചര്‍ച്ചയാക്കും. ഇതിന്റെ ഭാഗമായാണ് സംവാദത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കുന്നു.
മന്ത്രിമാര്‍ പുതുപ്പള്ളിയിലെത്തിയാല്‍ ജനം ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരുന്നതിനാല്‍ പേടിച്ചു ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.
ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ഏഴുമന്ത്രിമാര്‍ അടുത്ത ആഴ്ച പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തുമെന്നു മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
ആരോഗ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവരെ പ്രധാനമായും കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം.
ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും ഉള്‍പ്പെടെ മന്ത്രിമാര്‍ പരാജയമാണെന്നും ജനങ്ങള്‍ക്കും ജീവിക്കാനുള്ള സാഹചര്യം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നുമാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.
ഇതിനു മറുപടിയായി മുഖ്യമന്ത്രി മൂന്നുദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലെ വികസനസദസിലും പങ്കെടുക്കാനാണ് എല്‍ഡിഎഫ് തീരുമാനം.
പുതുപ്പള്ളിയില്‍ വികസനം എത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഈ പ്രചാരണം ശക്തമാക്കാന്‍ 23, 25, 26 തീയതികളിൽ മന്ത്രിമാര്‍ പങ്കെടുക്കുന്ന വികസനസദസ് നടത്തും.
മുഖ്യമന്ത്രിക്കു നേരത്തേ 24നു മാത്രമേ പരിപാടി നിശ്ചയിച്ചിരുന്നുള്ളൂ. പിന്നീട് 30നും സെപ്റ്റംബര്‍ ഒന്നിനും അദ്ദേഹം പുതുപ്പള്ളിയില്‍ തുടരും. എട്ടു പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെ പ്രചാരണത്തിനിറക്കാനാണ് തീരുമാനം.