കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്നാവശ്യം ശക്തമാകുന്നു. ഓണം, അയ്യന്‍കാളി ജയന്തി, ശ്രീനാരായണഗുരു ജയന്തി, മണര്‍കാട് തിരുനാള്‍, എട്ടുനോമ്പാചരണം തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ രാഷ് ട്രീയ കക്ഷികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ആഘോഷ അവസരങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫ് ജില്ലാ നേതൃത്വം ഉന്നയിച്ചു കഴിഞ്ഞു.
ഇന്ന് ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് സിപിഎമ്മിന്റെയും തീരുമാനം. ഓണാഘോഷവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്.
ഓണം, അയ്യന്‍കാളി ജയന്തി, ചതയദിനാഘോഷം തുടങ്ങിയ വേളകളില്‍ മന്ത്രിമാര്‍ക്കും സംസ്ഥാനമൊട്ടാകെ പരിപാടികളുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ നേരിട്ടു പല പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ട്.
കൂടാതെ 28 ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തികയുകയില്ലെന്നും ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം പുതുപ്പള്ളിയെ വീര്‍പ്പുമുട്ടിക്കുമെന്നും എല്‍ഡിഎഫിന് അഭിപ്രായമുണ്ട്.
തെരഞ്ഞെടുപ്പു നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം റെജി എം. ഫിലിപ്പോസും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു.
ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാള്‍ ദിനങ്ങളിലൊന്നായ സെപ്റ്റംബര്‍ അഞ്ചിനു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് ആവശ്യം.
പള്ളിവക സ്ഥാപനങ്ങളായ സെന്റ് മേരീസ് കോളജ്, സെന്റ് മേരീസ് ഐടിസി എന്നിവ പോളിംഗ് ബൂത്തുകളായും മറ്റ് സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നവയാണ്.
ഈ സ്ഥാപനങ്ങളില്‍ പെരുനാള് സംബന്ധമായ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി ക്രമീകരിക്കുവാന്‍ തടസമുണ്ടാകും.
പെരുന്നാളിനോടനുബന്ധിച്ചു വൻ വാഹനത്തിരക്ക് ഉണ്ടാകുന്നതുമൂലം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ എത്തുക പ്രയാസകരമായിരിക്കും. തെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്നാണ് ബിജെപിയുടെയും ആവശ്യം.