പുതുപ്പള്ളി: അവധിദിനങ്ങള്‍ തുടങ്ങിയതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇനി ഇടവേളകള്‍. യുഡിഎഫിനും എന്‍ഡിഎയ്ക്കും 29, 30, 31നു പരസ്യപ്രചാരണമില്ല. ഇടതുമുന്നണി 28, 29, 31 നാണ് ഒഴിവുനല്കിയത്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി എന്നിവ പ്രമാണിച്ചാണു മുന്നണികള്‍ അവധി നല്‍കിയിരിക്കുന്നത്.
ഇത്തരമൊരു ഇടവേള തെരഞ്ഞെടുപ്പുകാലത്തു സംസ്ഥാനത്ത് അത്യപൂര്‍വമാണ്. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പുകളില്‍ പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് അവധി നല്‍കാറുണ്ടെങ്കിലും ഓണാവധി നല്‍കുന്നത് ആദ്യമാണ്. അഞ്ചിനാണു വോട്ടെടുപ്പ്. പരസ്യപ്രചാരണമില്ലെങ്കിലും ആഘോഷദിനങ്ങളില്‍ മുന്നണികള്‍ക്കു വിശ്രമമില്ല.
സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടരും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകും. വോട്ടര്‍പ്പട്ടിക പരിശോധിച്ച് സാധ്യതാവോട്ടുകള്‍ വിലയിരുത്താനുള്ള നീക്കത്തിലാകും പ്രവര്‍ത്തകര്‍. സാധാരണ ഈ ജോലി പരസ്യപ്രചാരണം തീരുന്ന സമയത്താകും നടത്തുക.
പുതുപ്പള്ളിയിലെത്തിയ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം ഞായറാഴ്ചയോടെ മടങ്ങി. മന്ത്രിമാരുടെ വികസനസദസ് ശനിയാഴ്ച പൂര്‍ത്തിയായി. യുഡിഎഫിനുവേണ്ടി കെ. മുരളീധരന് ഞായറാഴ്ച പ്രചാരണത്തിന് എത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേതാക്കളും രണ്ടാഴ്ചയായി പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു.
നാടും നഗരവും ഇന്നു ഉത്രാടപ്പാച്ചിലില്‍ പരക്കംപായുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒരാഴ്ച തെരഞ്ഞെടുപ്പു പ്രചാരണ പാച്ചിലിലാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള പരിശ്രമത്തിലാണു സ്ഥാനാര്‍ഥികള്‍.
ഓണാവധി വരുന്നതിനാല്‍ പരസ്യപ്രചാരണത്തിന് അവധി നല്‍കുന്നുണ്ടെങ്കിലും വീടുകള്‍ കയറി കൂടുതല്‍ ആളുകളെ കാണാനാണു സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കുന്നത്. പാര്‍ട്ടികളുടെ സ്ക്വാഡ് പ്രവര്‍ത്തനങ്ങളും തുടരും. സെപ്റ്റംബര്‍ മൂന്നിനു വൈകിട്ട് അഞ്ചു വരെയാണു പരസ്യപ്രചാരണത്തിന് അനുമതി. അഞ്ചിനാണു തെരഞ്ഞെടുപ്പ്.
ശശി തരൂരിന്റെ റോഡ് ഷോ
ദേശീയ നേതാക്കളെ ഉൾപ്പെടെയെത്തിച്ചു പ്രചാരണം കൂടുതല്‍ ആവേശത്തിലാക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, ശശി തരൂര്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരെത്തും.
ഒന്നിനു വൈകിട്ട് അഞ്ചിന് അയര്‍ക്കുന്നത്തും ആറിനു പുതുപ്പള്ളിയിലും എ.കെ. ആന്റണി പ്രസംഗിക്കും. രണ്ടിന് ശശി തരൂര്‍ എംപി പാമ്പാടിയില്‍ റോഡ്ഷോ നടത്തും.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനവുമായി ബന്ധപ്പെട്ടു നിര്‍ത്തിവച്ചിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥിപര്യടനം ഇന്നു മണര്‍കാട് പഞ്ചായത്തില്‍ പുനരാരംഭിക്കും. നാളെ മുതല്‍ 31 വരെ വീണ്ടും പരസ്യപ്രചാരണമില്ല.
1, 2നു ബാക്കിയുള്ള പഞ്ചായത്തുകളില്‍കൂടി പര്യടനം നടക്കും. സ്ക്വാഡ് വര്‍ക്കുകള്‍, ആളുകളെ നേരില്കാണല് തുടങ്ങിയ പ്രചാരണങ്ങളാണ് അവധി ദിവസങ്ങളില്‍ നടക്കുക.
മുഖ്യമന്ത്രി വീണ്ടുമെത്തും
എല്‍ഡിഎഫ് പ്രചാരണത്തെ ആവേശത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മണ്ഡലത്തില്‍ എത്തും. ഓണപ്പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിനു മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും പ്രസംഗിക്കും.
ജെയ്ക്കിന്റെ പര്യടനം ഒന്നും രണ്ടും കൊണ്ട് പൂര്‍ത്തിയാകുകയും ചെയ്യും. ഇന്നും നാളെയും സ്ഥാനാര്‍ഥിയുടെ പരസ്യപ്രചാരണമില്ല. സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് ഇനി സ്ഥാനാര്‍ഥി പര്യടനം നടത്തുന്നത്. സ്ക്വാഡ് പ്രവര്‍ത്തനം, വോട്ടര്‍മാരെ നേരില്‍ക്കാണുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കും.
അവസാനഘട്ട പ്രചാരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരൻ
എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ തിങ്കളാഴ്ചകൂടി പര്യടനം തുടരും. അവസാനഘട്ടപ്രചാരണം നയിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനാണ് എത്തുക. എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിന്റെ മണ്ഡല പര്യടനം മണര്‍കാട് പഞ്ചായത്തില്‍ ഇന്നു നടക്കും. നാളെ മുതല്‍ 31 വരെ പരസ്യ പ്രചാരണത്തിന് അവധിയാണ്. സെപ്റ്റംബര്‍ 1, 2ന് തീയതികളില്‍ പര്യടനം വീണ്ടും തുടരും.
അവധി ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തും ഗൃഹസന്ദര്‍ശനം നടത്തിയും സ്ഥാനാര്‍ഥി മണ്ഡലത്തില്‍ സജീവമായിരിക്കും.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ അടുത്ത ദിവസം കോട്ടയത്ത് എത്തും. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന്‍ദാസ് അഗര്‍വാള്‍ എംപി കോട്ടയത്തു ക്യാംപ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന് അടക്കം അവസാന ദിവസങ്ങളില്‍ എത്തും.
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് നടക്കുക. മുന്നണികള്‍ മണര്‍കാട് ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നിനുമുമ്പ് പൂര്‍ത്തിയാക്കാനും തീര്‍ഥാടകര്‍ക്ക് അലോസരമുണ്ടാക്കാതിരിക്കാനുമുള്ള മുന്നൊരുക്കത്തിലുമാണ്.