തിരുവനന്തപുരം: വട്ടിയൂർക്കാവിലും കോന്നിയിലും തിരിച്ചടി നേരിട്ടതോടെ യുഡിഎഫിൽ പൊട്ടിത്തെറി. യുഡിഎഫിലെ തമ്മിലടിയാണ് വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസിന് തിരിച്ചടിയായതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
ചില നേതാക്കൾ കോൺഗ്രസ് പ്രവർത്തകർക്കും ജനങ്ങൾക്കും തെറ്റായ സന്ദേശം നൽകി. എത്ര ഉന്നതരായാലും അന്വേഷിച്ച് നടപടി എടുക്കണം. അങ്ങനെയുണ്ടായാൽ വീണ്ടും ഇത്തരം പ്രവർത്തനങ്ങൾ നടത്തില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കോന്നിയിൽ കാലുവാരൽ ഉണ്ടായതായി ഡിസിസി പ്രസിഡന്റ് പരസ്യപ്രതികരണം നടത്തിയതും യുഡിഎഫിലെ വരും ദിവസങ്ങളിലെ പൊട്ടിത്തെറിക്ക് സൂചനയാണ്.
വട്ടിയൂർക്കാവിൽ മുൻകൂട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ സാധിച്ചതും ചിട്ടയായ പ്രവർത്തനങ്ങളുമാണ് ഇടത് മുന്നേറ്റത്തിനു കാരണമെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ. മോഹൻ കുമാറും പ്രതികരിച്ചിരുന്നു. യുഡിഎഫിന് സ്ഥാനാർഥി നിർണയത്തിലും പ്രവർത്തനങ്ങളിലും ഇടതിനൊപ്പം എത്താനായില്ലെന്നും മോഹൻ കുമാർ പറഞ്ഞു.