ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിനു വൻ മുന്നേറ്റം 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ സഖ്യം സ്ഥാനാർഥികളാണു മുന്നിട്ടുനിൽക്കുന്നത്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ രണ്ടു സീറ്റുകളിൽ മാത്രമാണ് ഈ റിപ്പോർട്ട് തയാറാക്കുന്പോൾ ലീഡ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം എൻഡിഎ, ഇന്ത്യ മുന്നണികൾ നേർക്കുനേർ വന്ന തെരഞ്ഞെടുപ്പാണിത്.പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിൺ, ബാഗ്ദ, മണിക്താല, ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ് മംഗളൂരു, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര എന്നീ മണ്ഡലിങ്ങളിലണു വോട്ടെടുപ്പു നടന്നത്.
ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഉൾപ്പെടെ നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഡെഹ്റ മണ്ഡലത്തിൽ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂർ വ്യക്തമായ ലീഡ് ചെയ്യുന്നു. ബിജെപിയുടെ ഹൊഷ്യാർ സിംഗിനേക്കാളും 15,000ലേറെ വോട്ടുകൾക്കാണ് കലേഷ് ഠാക്കൂർ മുന്നിട്ടുനിൽക്കുന്നത്.
പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹീന്ദർ ഭഗത് 23,189 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന്റെ സുരീന്ദർ കൗറും ബിജെപിയുടെ ശീതൾ അംഗുറലും വളരെ പിന്നിലാണ്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിഎസ്പി എംഎൽഎ സർവത് കരീം അൻസാരിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ഉത്തരാഖണ്ഡിലെ മംഗ്ലൂർ മണ്ഡലം ത്രികോണപ്പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്.
ഇതുവരെ കോൺഗ്രസ് അല്ലെങ്കിൽ ബിഎസ്പി കൈവശം വച്ചിരുന്ന മുസ് ലിം-ദളിത് ആധിപത്യ മണ്ഡലമായ മംഗ്ലൂരിൽ ബിജെപി നിലവിൽ പിന്നിലാണ്. ബദരീനാഥിലും ബിജെപി പിന്നിലാണ്.തമിഴ്നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്.
ഡിഎംകെയുടെ അന്നിയൂർ ശിവ 12,000ലേറെ വോട്ടുകാൾക്കാണ് ലീഡ് ചെയ്യുന്നത്. ബിഹാറിലെ രുപാലി മണ്ഡലത്തിൽ ജെഡിയു സ്ഥാനാർഥി കലാധർ പ്രസാദ് മണ്ഡൽ 2433 വോട്ടുകൾ ലീഡ് ചെയ്യുന്നു. മധ്യപ്രദേശിലെ അമർവാര സീറ്റിൽ ബിജെപിയുടെ കമലേഷ് പ്രതാപ് ഷാ 2939 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.